മിനി ‘സൂപ്പർമാർക്കറ്റു’മായി സോനു സൂദ്

കൊവിഡ് കാലത്ത് ദുരിതം അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്ക് കൈത്താങ്ങ് ഒരുക്കുകയാണ് നടൻ സോനു സൂദ്. രോഗവ്യാപനത്തെ തുടർന്ന് പ്രതിസന്ധിയിലായ നിരവധി കച്ചവടക്കാരുണ്ട്. അവരെ പിന്തുണയ്ക്കണമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അഭ്യർഥിച്ചിരുന്നു. ഇതിന്റെ ഭാ​ഗമായി ഒരു വീഡിയോയും സോനു സൂദ് പങ്കുവെച്ചിരുന്നു.

തന്റെ സൈക്കിളിൽ മുട്ടയും റൊട്ടിയും മറ്റ് പലചരക്ക് സാധനങ്ങളും വിൽക്കുന്ന കച്ചവടക്കാരനായാണ് സോനു വീഡിയോയിലുള്ളത്. ‘സോനു സൂദ് കി സൂപ്പർമാർക്കറ്റ്’ എന്നാണ് സംരംഭത്തിന്റെ പേര്. മാളുകൾ അടച്ചിട്ടാലും സൂപ്പർമാർക്കറ്റ് തുറന്നിട്ടുണ്ടാകുമെന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. മുട്ട മുതൽ റൊട്ടി വരെ ആവശ്യമുള്ള എല്ലാം തന്റെ കയ്യിലുണ്ടെന്നും സോനുവിന്റെ സൂപ്പർമാർക്കറ്റ് ഹിറ്റാണെന്നും വീഡിയോയിൽ പറയുന്നു. പത്ത് മുട്ട വാങ്ങിയാൽ ഒരു പാക്കറ്റ് റൊട്ടി സൗജന്യമാണെന്നും സാധനങ്ങൾ സൗജന്യമായി വീട്ടിലെത്തിച്ച് നൽകുമെന്നും തന്റെ വീഡിയോയ്ക്ക് താഴെ താരം കുറിച്ചു.

രാജ്യത്ത് കോവിഡ്-19 വ്യാപനം രൂക്ഷമായ സമയത്തും പലവിധത്തിലുള്ള സഹായങ്ങളുമായി രം​ഗത്തുണ്ടായിരുന്ന മനുഷ്യനാണ് സോനു സൂദ്. സർക്കാർ ഏർപ്പെടുത്തിയ ആദ്യ ലോക്ക്ഡൗൺ സമയത്ത്, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതരായി വീടുകളിൽ എത്തിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച താരം രോഗം ബാധിച്ചവർക്ക് സൗജന്യ വൈദ്യസഹായവും ആശുപത്രികൾക്ക് കിടക്കകൾ, ഓക്സിജൻ സിലിണ്ടറുകൾ, കോൺസെൻട്രേറ്ററുകൾ എന്നിവയും നൽകിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *