മൈക്കിള്‍ ജാക്‌സന്റെ മൂണ്‍ വോക്ക് നൃത്തച്ചുവടുകളുമായി സീത

ചടുലന്‍ നൃത്തച്ചുവടുകളുമായി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് സിനിമ, ടെലിവിഷന്‍ താരം ധന്യ മേരി വര്‍ഗീസ്. ഏഷ്യാനെറ്റിലെ സീതാകല്യാണം എന്ന ടിവി സീരിയലിലൂടെയാണ് നടിയെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിയുന്നത്. സമൂഹമാധ്യമങ്ങളില്‍ സജീവമായ നടി കഴിഞ്ഞ ദിവസം പങ്കുവെച്ച വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. അഭിനയത്തിനൊപ്പം മികച്ച നര്‍ത്തകി കൂടിയായ താരം മൈക്കിള്‍ ജാക്‌സന്റെ മൂണ്‍വോക്ക് നൃത്ത ചുവടുകളാണ് വീഡിയോയില്‍ പകര്‍ത്തിയിരിക്കുന്നത്.

‘എംജെയുടെ മൂണ്‍വോക്ക് ചെയ്യാനുള്ള എളിയ ശ്രമം’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ആരാധകര്‍ ഏറ്റെടുത്തതോടെ വൈറലായി. മൈക്കിള്‍ ജാക്‌സന് സമാനമായ വേഷവിധാനത്തില്‍ തന്നെയാണ് ധന്യ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. കറുപ്പ് നിറത്തിലുള്ള പാന്റിനൊപ്പം വെള്ള നിറത്തിലെ ഷര്‍ട്ടും ഒപ്പം കറുത്ത തൊപ്പിയും മൂണ്‍വോക്കിന് കൂടുതല്‍ മിഴിവേകി.

ലോക്ക്ഡൗണ്‍ ആയതിനാല്‍ സീതാകല്യാണം ഇപ്പോള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ധന്യയുടെ ആദ്യ ടിവി സീരിയലാണ് സീതാ കല്യാണം. തലപ്പാവ്, ദ്രോണ, റെഡ് ചില്ലീസ് തുടങ്ങിയ സിനിമകളിലും നടി ശ്രദ്ധേയമായ വേഷങ്ങള്‍ അഭിനയിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *