മൈഗ്രേൻ ഇല്ലാതാക്കാം ഈസി ആയി

സമൂഹത്തിലെ ഒരു വലിയ ശതമാനം ആള്‍ക്കാരും ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തില്‍ മൈഗ്രേന്‍ കാരണം ബുദ്ധിമുട്ടിയിട്ടുണ്ടാകും. പലവിധ സമ്മര്‍ദ്ദങ്ങളും, വര്‍ദ്ധിച്ച കമ്പ്യൂട്ടര്‍ – മൊബൈല്‍ ഉപയോഗവും മറ്റും ഈ ജീവിതശൈലി രോഗത്തെ ഒരു പതിവാക്കി മാറ്റുകയാണ്. എളുപ്പത്തില്‍ മൈഗ്രേനിനെ നിയന്ത്രണ വിധേയമാക്കാനും ഇല്ലാതാക്കാനും താഴെ പറയുന്ന മാര്‍ഗ്ഗങ്ങള്‍ സഹായകരമാകും.

മരുന്നുകള്‍ ശീലിക്കുന്നതിനു പുറമേ ആരോഗ്യകരമായ ഒരു ജീവിതശൈലി നയിക്കുന്നത് തീര്‍ച്ചയായും മൈഗ്രേനുകളും തലവേദനയും ഒഴിവാക്കാന്‍ നിങ്ങളെ സഹായിക്കും. ഏറ്റവും ഫലപ്രദമായ പ്രകൃതിദത്ത മാര്‍ഗം കൂടിയാണ് ഇത്. മൈഗ്രേന്‍ അല്ലെങ്കില്‍ തലവേദനയ്ക്ക് കാരണമാകുന്നത് എന്തെന്ന് അറിഞ്ഞ് അവ നിങ്ങളുടെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്തുക. മെച്ചപ്പെട്ട ജീവിതശൈലി നയിക്കുന്നതിലൂടെ നിങ്ങള്‍ സഹിക്കുന്ന മൈഗ്രേന്‍ – തലവേദന പ്രശ്‌നം ഒരു പരിധി വരെ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

മദ്യം, ചോക്ലേറ്റ്, പാല്‍ക്കട്ടകള്‍, സിട്രസ് പഴങ്ങള്‍ തുടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങള്‍ക്ക് ടെന്‍ഷന്‍, തലവേദന, മൈഗ്രേന്‍ എന്നിവയ്ക്ക് കാരണക്കാരാകാം. ചില ഭക്ഷണങ്ങള്‍ നിങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് കരുതുന്നുണ്ടെങ്കില്‍ നിങ്ങള്‍ അവ കഴിക്കുന്നത് പരിമിതപ്പെടുത്തുകയോ പൂര്‍ണമായി ഒഴിവാക്കുകയോ ചെയ്യുക. പുകവലി നിങ്ങളുടെ ശ്വാസകോശത്തെ മാത്രമല്ല, നിങ്ങളുടെ തലയെയും ബാധിക്കും. ഇതുകാരണം തലവേദനയും മറ്റ് ലക്ഷണങ്ങളും മൈഗ്രേനും വര്‍ദ്ധിക്കാം. അതിനാല്‍ മൈഗ്രേന്‍, തലവേദന എന്നിവയില്‍ നിന്ന് രക്ഷ നേടാന്‍ പുകവലി ശീലം ഒഴിവാക്കുക.

പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ലീന്‍ പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങള്‍ കഴിക്കുക. ഒരിക്കലും ആഹാരം ഒഴിവാക്കരുത്. ആഹാരം ഒഴിവാക്കുന്നത് വിശപ്പിന് കാരണമാവുകയും അത് മൈഗ്രേന്‍ രൂക്ഷമാക്കുകയും ചെയ്യും.

നിങ്ങളുടെ രോഗപ്രതിരോധ ശേഷി ശക്തമായി നിലനിര്‍ത്താനും, വിഷാദം, ഉത്കണ്ഠ എന്നിവ ഒഴിവാക്കാനും, ഉറക്കം നിങ്ങളെ സഹായിക്കുന്നു. അതിനാല്‍ എല്ലാവരും ദിവസവും മതിയായ ഉറക്കം നേടേണ്ടത് അത്യാവശ്യമാണ്. അതിനായി ഒരു പതിവായ ഉറക്കസമയം ക്രമീകരിക്കുക. എല്ലാ ദിവസവും ഒരേസമയം ഉറങ്ങാന്‍ ശ്രമിക്കുക. എല്ലാ ദിവസവും ഒരേ സമയം ഉണരുക. മോശം ഉറക്കശീലം, ഉറക്കക്കുറവ്, കൂടുതല്‍ ഉറക്കം എന്നിവ മൈഗ്രേന്‍ പ്രശ്‌നങ്ങള്‍ക്കോ തലവേദനയ്‌ക്കോ കാരണമാകാം.

മൈഗ്രേന്‍, തലവേദന എന്നിവയുടെ ലക്ഷണങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദിനചര്യയില്‍ എയ്റോബിക്സ് പോലുള്ള ലഘുവ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുക. വ്യായാമത്തിലൂടെ നിങ്ങളുടെ സമ്മര്‍ദ്ദം നീങ്ങുകയും അതിലൂടെ തലവേദന അകലുകയും ചെയ്യും.

ഇരിക്കുമ്പോഴും കിടക്കുമ്പോഴും നിങ്ങളുടെ നട്ടെല്ലിനെ പ്രയാസപ്പെടുത്താതിരിക്കുക. ഉദാഹരണത്തിന്, ദിവസം മുഴുവന്‍ ഒരു കമ്പ്യൂട്ടറിനു മുന്നില്‍ ഇരിക്കുന്നത് നിങ്ങളുടെ തല, കഴുത്ത്, തോളിലെ പേശികള്‍ എന്നിവയെ ബുദ്ധിമുട്ടിക്കുകയും മൈഗ്രെയ്ന്‍ അല്ലെങ്കില്‍ തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. ദിവസം മുഴുവന്‍ നിങ്ങളുടെ ഇത്തരം ശീലങ്ങള്‍ ശ്രദ്ധിക്കുക.

Comments: 0

Your email address will not be published. Required fields are marked with *