യുട്യൂബ് കണ്ട് ലംബോര്‍ഗിനി ഉണ്ടാക്കിയ ആസ്സാം സ്വദേശി

ഒരു ലംബോര്‍ഗിനി സ്വന്തമായി നേടുക എന്നത് പലരുടെയും ആഗ്രഹമാണ്. അത്തരത്തിലുള്ള ഒരു ആഗ്രഹത്തിന്റെ പുറത്ത് സ്വന്തമായി ഒരു ലംബോര്‍ഗിനി നിര്‍മ്മിക്കാനായി ഇറങ്ങിത്തിരിച്ചാലോ? കേൾക്കുമ്പോൾ അത്ഭുതമെന്ന് തോന്നുന്ന ഈ പ്രവര്‍ത്തിയാണ് ഇപ്പോള്‍ അസമിലെ കരിംഗഞ്ച് ജില്ലയിൽ നിന്നുള്ള ഈ മോട്ടോർ മെക്കാനിക്കിനെ പ്രശസ്തനാക്കുന്നത്.

കരിംഗഞ്ച് ജില്ലയിലെ ഭംഗാ പ്രദേശത്ത് നിന്നുള്ള മോട്ടോർ മെക്കാനിക്കായ നൂറുൽ ഹക്ക് ഒരു പഴയ മാരുതി സ്വിഫ്റ്റ് കാറിനെ ഇറ്റാലിയൻ ആഡംബര കാറായ ലംബോർഗിനിയുടെ മാതൃകയിൽ ഒരു സ്പോർട്സ് കാറായി പരിഷ്‌കരിച്ചു. ലംബോർഗിനി പോലുള്ള സ്പോർട്സ് കാറുകൾ ഓടിക്കാനുള്ള തന്റെ ആഗ്രഹത്തിന്റെ പൂർത്തീകരണമാണ് ഈ കാറെന്ന് നൂറുൽ ഹക്ക് പറഞ്ഞു. ഇതിനായി ഏകദേശം 6.2 ലക്ഷം രൂപ അദ്ദേഹത്തിന് ചിലവായി.

‘ഇത്തരത്തില്‍ ഒരു ആഡംബര കാർ നിർമ്മിക്കുകയും ഓടിക്കുകയും ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. എനിക്ക് ലംബോർഗിനി കാറുകൾ ഇഷ്ടമാണ്. ഒടുവിൽ ഞാൻ ഒരു പഴയ മാരുതി സ്വിഫ്റ്റ് കാറിനെ എന്റെ സ്വപ്ന കാറാക്കി മാറ്റി.’ നൂറുൽ ഹക്ക് പറഞ്ഞു.

എൻ മാരുതി കാർ കെയർ എന്ന ഗാരേജിന്റെ ഉടമസ്ഥനാണ് നൂറുൽ ഹക്ക്. കൊവിഡ് -19 ലോക്ക്ഡൗണിന്റെ ആദ്യ തരംഗം ജോലിയില്ലാതെ വീട്ടിൽ ഇരിക്കാൻ അദ്ദേഹത്തെ നിർബന്ധിതനാക്കി. ഈ സമയത്താണ് പഴയ മാരുതി സ്വിഫ്റ്റ് കാറിന്റെ എന്‍ജിന്‍ ഉപയോഗിച്ച് ഇറ്റാലിയൻ ആഡംബര കാർ മോഡലിന്റെ സ്വന്തം പതിപ്പ് നിർമ്മിക്കാൻ അദ്ദേഹം തീരുമാനിച്ചത്. ‘കഴിഞ്ഞ എട്ട് മാസമായി ഞാൻ എന്റെ ഈ പ്രൊജക്റ്റിൽ ഏർപ്പെട്ടിരിക്കുകയാണ്. എന്റെ പ്രൊജക്റ്റിന്റെ ആകെ ചെലവ് 6.2 ലക്ഷം രൂപയാണ്.’ നൂറുൽ പറഞ്ഞു.

യുട്യൂബ് വീഡിയോകൾ കണ്ടുകൊണ്ടാണ് ലംബോർഗിനി മോഡലിന്റെ ഭാഗങ്ങൾ നിർമ്മിക്കാൻ നൂറുൽ ഹക്ക് ആരംഭിച്ചത്. ‘ഒരു ലംബോർഗിനി കാറിന്റെ വില എനിക്കറിയാം. എന്നാൽ അത്തരം കാർ ഓടിക്കുക എന്നത് എന്റെ സ്വപ്നം ആയിരുന്നു. ഒടുവിൽ ഞാൻ അത് ഉണ്ടാക്കി.’ നൂറുൽ പറഞ്ഞു.

തന്റെ പരിഷ്കരിച്ച കാറിന്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ നൂറുൽ ഹക്ക് ഇപ്പോൾ ഒരു പ്രാദേശിക സെലബ്രിറ്റിയായി മാറിയിരിക്കുകയാണ്. കാറുമായി സെൽഫി എടുക്കാൻ നിരവധി പേർ അദ്ദേഹത്തിന്റെ ഗാരേജിൽ എത്തുന്നുണ്ട്. മറ്റൊരു ആഡംബര കാറായ ഫെരാരിയുടെ ഒരു പകർപ്പ് നിർമ്മിക്കാനാണ് തന്റെ അടുത്ത ആഗ്രഹമെന്ന് നൂറുൽ ഹക്ക് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *