Flash News

‘യുവാക്കൾ ഇനി സിഗരറ്റ് വലിക്കേണ്ട’; പൂർണനിരോധനം നടപ്പാക്കാനൊരുങ്ങി ന്യൂസിലന്‍ഡ്

 

യുവാക്കൾക്കിടയിലെ പുകയില ഉപയോ​ഗം കുറയ്ക്കുന്നതിന് നടപടിയുമായി ന്യൂസിലൻഡ്. സിഗരറ്റ് വാങ്ങുന്നതില്‍ നിന്നും ചെറുപ്പക്കാരെ വിലക്കിക്കൊണ്ട് നിയമം പാസാക്കാൻ ഒരുങ്ങുകയാണ് ന്യൂസിലന്‍ഡ് . ജനങ്ങളിലെ പുകവലി ശീലത്തെ മാറ്റിയെടുക്കുന്നതിന് മറ്റ് നടപടികള്‍ കൂടുതല്‍ സമയമെടുക്കുമെന്ന് കണ്ടാണ് സിഗരറ്റ് വ്യവസായത്തെ നേരിട്ട് ബാധിക്കുന്ന ഈ നടപടിയിലേയ്ക്ക് ഭരണകൂടം കടക്കുന്നത്. 14 വയസില്‍ താഴെയുള്ളവര്‍ക്കായിരിക്കും നിയമം ബാധകമാവുക.

പുകവലിക്കാരില്‍ ഭൂരിഭാഗവും ചെറിയ പ്രായത്തിലാണ് ഈ ശീലം തുടങ്ങുന്നത് എന്ന് കണക്കുകളിലൂടെ വ്യക്തമായതിന്റെ അടിസ്ഥാനത്തിലാണ് യുവാക്കള്‍ക്കിടയില്‍ ഇതില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുകയില ഉല്‍പന്നങ്ങളില്‍ നിക്കോട്ടിന്റെ അളവ് കുറക്കുന്നതിനും അവ വില്‍ക്കുന്നതിന് അനുമതിയുള്ള റീട്ടെയിലര്‍മാരുടെ എണ്ണം നിയന്ത്രിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

2022 ജൂണ്‍ മാസത്തോട് കൂടി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനും അടുത്ത വര്‍ഷം അവസാനത്തോടു കൂടി നിയമമാക്കാനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2027 ഓടുകൂടി ‘പുകവലിക്കാത്ത തലമുറ’യായി രാജ്യത്തെ യുവജനങ്ങളെ വാര്‍ത്തെടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

Comments: 0

Your email address will not be published. Required fields are marked with *