റൗഡി ബേബി ജോഡി വീണ്ടും ; പ്രഖ്യാപനവുമായി ധനുഷ്

മാരി 2ല്‍ ധനുഷും സായി പല്ലവിയും ചേര്‍ന്ന് ഹിറ്റാക്കിയ ഗാനമാണ് റൗഡി ബേബി. ചിത്രീകരണവും നൃത്തവും വരികളും കൊണ്ട് ഏറെ ശ്രദ്ധേയമായ ഗാനം സിനിമയെക്കാള്‍ കൂടുതല്‍ ഹിറ്റാവുകയും ചെയ്തു. യുട്യൂബില്‍ 100 കോടിയില്‍പ്പരം ആളുകളാണ് ആ ഗാനം കണ്ടത്. ഇതാദ്യമായാണ് ഒരു തമിഴ് ഗാനം ഇത്ര വലിയ നേട്ടം സ്വന്തമാക്കിയതും. ഇപ്പോഴിതാ ആ ടീം ഒരിക്കല്‍ കൂടി പുതിയ ബഹുഭാഷാ ചിത്രത്തില്‍ ഒരുമിക്കുകയാണെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്.

ദേശീയ അവാര്‍ഡ് ജേതാവും ആനന്ദ്, ഹാപ്പി ഡേയ്‌സ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനുമായ ശേഖര്‍ കമ്മൂല നടന്‍ ധനുഷിനെ നായകനാക്കി പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരുക്കാനാണ് നീക്കം. ശേഖറിന്റെ ഇഷ്ട നായികമാരില്‍ ഒരാളായ സായ് പല്ലവിയാണ് ചിത്രത്തിലെ നായിക.

തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ‘ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമെ’ന്നാണ് ധനുഷ് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ശേഖര്‍ കമ്മൂലയുടെ ദി ലവ് സ്‌റ്റോറി എന്ന ചിത്രത്തില്‍ നാഗ ചൈതന്യയുടെ നായികയായാണ് സായ് പല്ലവി ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *