ലോക്ക്ഡൗണിനു ശേഷം ആരംഭിക്കാനിരിക്കുന്ന നയന്‍താരയുടെ പുതിയ ചിത്രങ്ങള്‍

തെന്നിന്ത്യൻ സിനിമ പ്രേമികളുടെ ആവേശമാണ് നയൻതാര. ശക്തമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയ താരത്തിന് ലേഡി സൂപ്പർ സ്റ്റാർ എന്ന വിളിപ്പേരും ലഭിച്ചു. നിരവധി ടിവി ഷോകളിലെ വിജെ ആയി തുടങ്ങി 2003ൽ പുറത്തിറങ്ങിയ ജയറാം ചിത്രമായ ‘മനസ്സിനക്കരെ’യിലൂടെയാണ് മലയാളിയായ താരം സിനിമാ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലുമായി ഒട്ടനവധി ചിത്രങ്ങളിലാണ് നയൻതാര തന്റെ അഭിനയ മികവ് തെളിയിച്ചത്. മലയാള സിനിമയിലെ താര രാജാക്കന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നു തുടങ്ങി തമിഴിലെയും തെലുങ്കിലെയും പ്രമുഖ നടൻമാരോടൊപ്പവും താരം അഭിനയിച്ചു.

ഒടുവിൽ തീയേറ്ററുകളിൽ റിലീസ് ആയ ‘മൂക്കുത്തി അമ്മനു’ ശേഷം റിലീസിനൊരുങ്ങുന്ന താരത്തിന്റെ ചിത്രങ്ങളുടെയും അഭിനയിക്കാൻ സമ്മതിച്ചു കൊണ്ട് കരാറിൽ ഒപ്പുവച്ച പുതിയ ചിത്രങ്ങളുടെയും വാർത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മിലിന്ത് റാവു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായ നെട്രിക്കൺ ആണ് റിലീസിനൊരുങ്ങുന്ന ഏറ്റവും ആദ്യത്തെ ചിത്രം. ജൂലൈ ഒമ്പതിന് ഒടിടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് നെട്രിക്കൺ റിലീസ് ചെയ്യുന്നത്. ഇതിനു പുറമേ രജനീകാന്ത് നായകനായി എത്തുന്ന ‘അണ്ണാത്ത’യാണ് അടുത്ത റിലീസ് കാത്തിരിക്കുന്ന ചിത്രം. ശിവ സംവിധാനവും നിർമ്മാണവും നിർവഹിക്കുന്ന ചിത്രം നവംബർ നാലിന് തീയേറ്ററുകളിലെത്തും എന്നാണ് ഇപ്പോൾ പ്രതീക്ഷിക്കുന്നത്.

‘പെൻഗ്വിൻ’, ‘അന്ധകാരം’ എന്നീ ചിത്രങ്ങൾ നിർമ്മിച്ച ഫാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ തന്നെ ഒരുങ്ങുന്ന രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാൻ നയൻതാര കരാർ ഒപ്പുവെച്ചു എന്ന തരത്തിലുള്ള വാർത്തയും ഇപ്പോൾ പുറത്തു വരുന്നുണ്ട്. കൂടാതെ ചിത്രങ്ങളിലെ പ്രതിഫലമായി ഭീമമായ തുകയാണ് താരത്തിനു വാഗ്ദാനം ചെയ്തതെന്നും വാർത്തകളുണ്ട്. ചിത്രങ്ങളെ കുറിച്ചുള്ള മറ്റു വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Comments: 0

Your email address will not be published. Required fields are marked with *