ലോക സംഗീത ദിനത്തില്‍ ഇഷ്ടഗാനങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് ഗായകര്‍

സംഗീതം ഏതൊരാളുടെ ജീവിതത്തിലും കുളിര്‍മയുള്ള അനുഭവം സമ്മാനിക്കുന്ന ഒന്നാണ്. ഒരു ഗാനം പോലും മൂളിപ്പാടി നടക്കാത്ത, ആസ്വദിക്കാത്ത മനുഷ്യര്‍ ഇല്ലെന്നു തന്നെ പറയാം. സംഗീതത്തിന്റെ പ്രാധാന്യം വിളിച്ചോതിയാണ് ഇന്ന് (ജൂണ്‍ 21) ലോകം സംഗീത ദിനം ആചരിക്കുന്നത്. 1982 മുതലാണ് ഈ ദിനം ആഘോഷിച്ചു തുടങ്ങിയത്. ബോളിവുഡ് ഗായകരായ കുമാര്‍ സാനു, ശിബാനി കശ്യപ്, മോഹിത് ചൗഹാന്‍ എന്നിവര്‍ ഈ വിശേഷ ദിവസത്തില്‍ അവര്‍ക്കിഷ്ടമുള്ള ഏതാനും ചില ഗാനങ്ങള്‍ പങ്കുവെച്ചിരുന്നു.

90കളിലെ മികച്ച ഗായകനായ കുമാര്‍ സാനു ഏറെ ഇഷ്ടപ്പെടുന്ന ഗാനങ്ങളില്‍ അദ്ദേഹത്തിന്റെ പാട്ടുകളും ഉള്‍പ്പെട്ടിരിക്കുന്നു. അബ് തേരേ ബിന്‍ (ആശിഖീ) ദോ ദില്‍ മില്‍ (പര്‍ദേസ്), ജബ് കോയി ബാത്ത് ബിഗഡ് (ജുരൂം), കുച് നാ കഹാ (1942- എ ലവ് സ്‌റ്റോറി), നാരാസ് സവേര ഹേ (സംഘര്‍ഷ്) എന്നിവയാണ് കുമാര്‍ സാനുവിന്റെ പ്രിയ ഗാനങ്ങള്‍.

രംഗ് ദേ ബസന്തി എന്ന ചിത്രത്തിലെ ഖൂന്‍ ചലാ.. എന്ന ഗാനത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ഗായകനാണ് മോഹിത് ചൗഹാന്‍. ഗസല്‍ ഗാനങ്ങള്‍ ഏറെയിഷ്ടപ്പെടുന്ന ഈ ഗായകന്‍ സ്ഥിരമായി പാട്ട് കേള്‍ക്കാറില്ലത്രേ. പെട്ടെന്ന് മനസ്സിലേക്ക് ഏതെങ്കിലും പാട്ട് ഓര്‍മ വന്നാല്‍ അത് മൊബൈലില്‍ സെര്‍ച്ച് ചെയ്ത് കേള്‍ക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. ജഗജിത് സിംഗിന്റെ തും കോ ദേഖാ തോ.. എന്ന ഗാനമാണ് മോഹിതിന്റെ ഇഷ്ടഗാനം.

ഗായിക ശിബാനി കശ്യപിന് അവരുടെ ഏറ്റവും പുതിയ പഞ്ചാബി ഗാനമായ ജോഗിയാ.. ആണ് ഏറെയിഷ്ടം. അര്‍ജിത് സിംഗിന്റെ ഫിര്‍ ലേ ആയാ ദില്‍ എന്ന ഗാനവും അവര്‍ ഇഷ്ടഗാനമായി എടുത്തു പറയുന്നുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *