Flash News

വനിതാകമ്മീഷന് ഹരിത വിഷയത്തിൽ ഇരട്ടത്താപ്പ്: കെ.സുരേന്ദ്രൻ

സംസ്ഥാന വനിതാകമ്മീഷന് മുസ്ലിം ലീഗിന്റെ വനിതാ വിദ്യാർത്ഥിനി വിഭാഗമായ ഹരിതയെ പിരിച്ചുവിട്ട വിഷയത്തിൽ ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്ലിംലീഗിന്റെ പ്രത്യക്ഷ സ്ത്രീവിരുദ്ധ- ഫാസിസ്റ്റ് സമീപനത്തിനെതിരെ വനിതാകമ്മീഷൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം ചോദിച്ചു. സ്വമേധയാ കേസെടുക്കേണ്ട വിഷയത്തിൽ കമ്മീഷൻ നടപടിയെടുക്കാത്തത് രാഷ്ട്രീയ ഇടപെടലാണ്. പുതിയ അദ്ധ്യക്ഷ വന്നിട്ടും കമ്മീഷന് ഒരു മാറ്റവുമില്ല. സ്ത്രീവിമോചനവാദികളും ആക്ടിവിസ്റ്റുകളും ഇത്രയും വലിയ സ്ത്രീവിരുദ്ധത കണ്ടിട്ടും മൗനം അവലംബിക്കുകയാണ്.

അഫ്ഗാനിസ്ഥാനിൽ താലിബാൻ ചെയ്യുന്നതാണ് ഇവിടെ മുസ്ലിംലീഗും ചെയ്യുന്നത്. താലിബാനെ പോലെ സ്ത്രീകളെ അടിമകളാക്കി മാറ്റുന്ന നിലപാടാണ് ലീഗിനുമുള്ളത്. താലിബന്റെ അതേ മാതൃകയിലാണ് ലീഗ് നേതൃത്വം മുന്നോട്ട് പോകുന്നത്. സഖ്യകക്ഷിയുടെ ഇത്തരം സമീപനത്തിനെതിരെ കോൺഗ്രസ് നേതൃത്വം പ്രതികരിക്കാത്തത് സംശയകരമാണ്. രാഹുൽ ഗാന്ധിയുടെ മൗനം തികഞ്ഞ അവസരവാദവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്. സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്നവരുടെ നാവ് ഇറങ്ങി പോയി. ഹരിത വിഷയത്തിൽ സർക്കാരിന്റെ നിലപാടും വ്യത്യസ്തമല്ല. 50 കോടിയുടെ വനിതാമതിൽ കെട്ടിയവർക്ക് ഇപ്പോൾ നവോത്ഥാനമൊന്നും വേണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു.

പാലാ ബിഷപ്പിന്റെ അഭിപ്രായത്തിനെതിരെ എന്തിനാണ് ഇത്ര അസഹിഷ്ണുതയെന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന്റെ ആശങ്ക പരിശോധിക്കണം. നാർക്കോട്ടിക്ക് ടെററിസം കേരളത്തിലും ലോകത്ത് എല്ലായിടത്തും ശക്തമാണ്. ഡ്രഗ് മാഫിയയും ഭീകരവാദ സംഘടനകളും ഒരുമിച്ചാണ് പ്രവർത്തിക്കുന്നത്. പാലാ ബിഷപ്പ് പറഞ്ഞത് അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമല്ല. ഡ്രഗ് മാഫിയ സംഘങ്ങളിൽ പലർക്കും തീവ്രവാദബന്ധമുണ്ട്. ഇതിന്റെ പേരിൽ ബിഷപ്പിന് ഭ്രഷ്ട് കൽപ്പിക്കണമെന്ന് പറയുന്നത് എന്തിനാണെന്നും ബിജെപി പ്രസിഡന്റ് ചോദിച്ചു.

കണ്ണൂർ സർവ്വകലാശാലയിൽ ദേശീയ നേതാക്കളെ പറ്റി പഠിക്കാൻ പാടില്ലേ? സവർക്കറെയും ദീൻദയാലിനെയും കുറിച്ച് പഠിക്കുന്നത് കേരളത്തിൽ മഹാ അപരാധമാണോ? സിലബസിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാട് അസഹിഷ്ണുതയാണ്. സിപിഎം അതിനെ പിന്തുണയ്ക്കുകയാണ്. ചരിത്രം എന്നത് ഏതെങ്കിലും ഒരു വിഭാഗത്തിന്റെ കുത്തകയല്ല. നെഹ്റുകുടുംബത്തിന്റെ മാത്രമാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരമെന്നാണ് കോൺഗ്രസ് കരുതുന്നത്. മതമൗലികവാദികളെ സന്തോഷിപ്പിക്കാനാണ് ഇവരെല്ലാം ദേശീയ നേതാക്കളെ അപമാനിക്കുന്നത്. കേരളത്തിൽ വർഗീയത അഴിഞ്ഞാടുകയാണ്. കോൺഗ്രസ് സിപിഎമ്മിന്റെ ബി ടീമാണ്. വിഡി സതീശൻ സേഫ്റ്റി വാൽവായാണ് പ്രവർത്തിക്കുന്നത്. ഇത്രയും പച്ചയായ യുഡിഎഫ്- എൽഡിഎഫ് ധാരണ ഇതുവരെ കേരളം കണ്ടിട്ടില്ല.

യുഡിഎഫ്- എൽഡിഎഫ് സഹകരണം ജനങ്ങളെ ബാധിക്കുന്നു. സിഎമ്മിന്റെ നിയന്ത്രണത്തിലുള്ള എആർ നഗർ സർവ്വീസ് സഹകരണ ബാങ്കിൽ കള്ളപ്പണം നിക്ഷേപിക്കുന്നത് ലീഗ് നേതാവാണ്. ആയിരക്കണക്കിന് കോടിയുടെ കള്ളപ്പണ ഇടപാടാണ് ഇവിടെ നടന്നത്. അതിനെതിരെ ശബ്ദിച്ച സ്വന്തം പാർട്ടിയിലെ മുൻമന്ത്രിയെ പിണറായി വിജയൻ വിരട്ടിയിരിക്കുകയാണ്. പിണറായി വിജയൻ ജലീലിനെ വിളിച്ചു വരുത്തിയത് ഇഡിയോട് സത്യം പറയരുതെന്ന് പറയാനാണ്. ജലീൽ സത്യം പറഞ്ഞാൽ കരിവന്നൂരിലെയും കടകംപ്പള്ളിയിലേയും അടക്കം പല സഹകരണ ബാങ്കുകളിലെയും കള്ളപ്പണ ഇടപാടുകൾ വെളിച്ചത്താവും. വിഡി സതീശനും കെ.സുധാകരനും സിപിഎമ്മിന്റെയും ലീഗിന്റെയും അടിമകളായി മാറിയെന്നും സുരേന്ദ്രൻ പരിഹസിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ, ജില്ലാപ്രസിഡന്റ് വിവി രാജേഷ് എന്നിവർ സംബന്ധിച്ചു.

Comments: 0

Your email address will not be published. Required fields are marked with *