വിരുഷ്‌കയുടെ മകള്‍ ആരെ പോലെയാണ്? മറുപടി നല്‍കി കോഹ്‌ലിയുടെ സഹോദരി

അനുഷ്‌ക ശര്‍മ്മയും വിരാട് കോഹ്‌ലിയും (വിരുഷ്‌ക) ഒരിടവേളയ്ക്കു ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയം ആയിരിക്കുകയാണ്. വിരുഷ്‌കയുടെ മകള്‍ വാമികയെ കുറിച്ച് ഒരു ആരാധകന്റെ ചോദ്യമാണ് നെറ്റിസണ്‍സ് ഏറ്റുപിടിച്ചിരിക്കുന്നത്. ‘ആസ്‌ക് മീ എനിതിംഗ്’ സെക്ഷനില്‍ ചോദ്യം കോഹ്‌ലിയുടെ സഹോദരി ഭാവനയോടാണ്. ‘നിങ്ങള്‍ വാമികയെ കണ്ടോ? ആരെപ്പോലെയാണ് അവള്‍? അനുഷ്‌കയോ അതോ വിരാടോ?’ എന്നായിരുന്നു ആ ചോദ്യം. ഭാവന നല്‍കിയ ഉത്തരം ‘വാമികയെ കണ്ടു, അവള്‍ ഒരു മാലാഖയാണ്.’ എന്നാണ്.

വിരുഷ്‌ക ദമ്പതികള്‍ തങ്ങളുടെ മകളെ പാപ്പരാസികളുടെ പിടിയില്‍ നിന്നും സമൂഹ മാധ്യമങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തിയിരിക്കുകയാണ് ഇപ്പോള്‍. സമൂഹ മാധ്യമം എന്താണെന്ന് അറിയും മുന്‍പുതന്നെ മകളെ ഇതിലേക്ക് വലിച്ചിഴയ്ക്കാന്‍ താല്‍പ്പര്യമില്ലെന്നാണ് വിരാടിന്റെ അഭിപ്രായം. സമൂഹ മാധ്യമങ്ങളിലേക്ക് വരിക എന്നത് വാമികയുടെ സ്വന്തം ഇഷ്ടപ്രകാരം ആകുമെന്നും താരം മുന്‍പ് വ്യക്തമാക്കിയിരുന്നു. 2013ല്‍ ഒരു ഷാംപുവിന്റെ പരസ്യത്തിലാണ് അനുഷ്‌കയും വിരാടും ആദ്യമായി ഒന്നിച്ച് അഭിനയിച്ചത്. പിന്നീട് വര്‍ഷങ്ങളോളമുള്ള ഡേറ്റിംഗിനു ശേഷം 2017ല്‍ ഇവര്‍ വിവാഹിതരായി. ഈ വര്‍ഷം ജനുവരിയിലാണ് വാമികയുടെ ജനനം. ഇപ്പോള്‍ ടെസ്റ്റ് മത്സരത്തിന് തയ്യാറെടുക്കുന്ന വിരാട് കോഹ്‌ലി അനുഷ്‌കയ്ക്കും വാമികയ്ക്കുമൊപ്പം ഇംഗ്ലണ്ടിലാണ്.

Comments: 0

Your email address will not be published. Required fields are marked with *