വിവാഹം നടന്നത് സുരേഷ് ഗോപിയുടെ വീട്ടില്‍വെച്ച്, കരിയറിലും ജീവിതത്തിലും നിമിത്തമായതും താരം : ഷാജി കൈലാസ്

മലയാളികളുടെ പ്രിയ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുമായുള്ള അപൂര്‍വ്വ സൗഹൃദത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. സുരേഷ് ഗോപിക്ക് ഇന്ന് പിറന്നാളാണ്. ഈ ദിനത്തില്‍ നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സുരേഷ് ഗോപിക്ക് മനോഹരമായ ഒരു കുറിപ്പിലൂടെയാണ് ഷാജി കൈലാസ് പിറന്നാള്‍ ആശംസിച്ചത്. ഇരുവരുടെയും സ്‌നേഹത്തിന്റെ പ്രതിഫലനം കൂടിയാണ് സംവിധായകന്റെ ഈ വാക്കുകള്‍.

ഷാജി കൈലാസ് ആദ്യമായി സംവിധാനം നിര്‍വ്വഹിച്ച ന്യൂസ് എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായ ഋഷി മേനോനെ അവതരിപ്പിച്ചത് സുരേഷ് ഗോപിയാണ്. സുരേഷ് ഗോപിയുടെ ആദ്യ സോളോ ഹിറ്റ് ആയിരുന്നു ഈ ചിത്രമെന്നും ഷാജി കൈലാസ് പറയുന്നു. ചിത്രത്തിന്റെ വിജയം ഇരുവരെയും സുഹൃത്തുക്കളാക്കി. അതിനുമപ്പുറം സഹോദരങ്ങളാക്കി.

കമ്മീഷ്ണര്‍, ഏകലവ്യന്‍, മാഫിയ തുടങ്ങിയ ചിത്രങ്ങളില്‍ ഷാജി കൈലാസും സുരേഷ് ഗോപിയും ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്റെ കരിയറിനെ ഇത്രയധികം ഉയര്‍ത്തിക്കൊണ്ടുവന്ന സുരേഷ് ഗോപി പലപ്പോഴും തന്റെ വ്യക്തി ജീവിതത്തിലും ഒരു നിമിത്തമായി എന്നും ഷാജി കൈലാസ് പറയുന്നു. അക്കാലത്തെ മുന്‍നിര നായികയും ഷാജി കൈലാസിന്റെ ഭാര്യയുമായ ആനി ആദ്യമായി ഷാജി കൈലാസിന്റെ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ നായകനായതും സുരേഷ് ഗോപിയായിരുന്നു. തങ്ങളുടെ വിവാഹം നടന്നതും സുരേഷ് ഗോപിയുടെ വീട്ടില്‍ വെച്ചായിരുന്നു എന്ന് ഷാജി കൈലാസ് പറഞ്ഞു.

സുരേഷ് ഗോപിയിലെ മികച്ച നടനെക്കാള്‍ തന്നെ ആകര്‍ഷിച്ചത് അദ്ദേഹത്തിലെ നല്ല മനുഷ്യന്‍ ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയപരമായ എതിര്‍പ്പുകള്‍ കൊണ്ട് വ്യക്തിപരമായ ആക്ഷേപങ്ങള്‍ക്ക് പലരും മുതിര്‍ന്നപ്പോഴും ഒരു ചിരിയോടെ ആണ് സുരേഷ് ഗോപി അതിനെ എതിരേറ്റത്. ആരോടും യാതൊരു വിരോധവും കാണിക്കാത്ത പ്രകൃതമാണ് സുരേഷ് ഗോപിയുടേത് എന്നും ഷാജി കൈലാസ് പറയുന്നു.

Comments: 0

Your email address will not be published. Required fields are marked with *