വിസ്മയയുടെ മരണത്തില്‍ തനിക്കും ഉത്തരവാദിത്വം ഉണ്ടെന്ന് സലിംകുമാർ

ഏറെ ഞെട്ടലോടെയാണ് ബിഎഎംഎസ്‌ വിദ്യാർത്ഥിയായ വിസ്‌മയയുടെ മരണം കേരളം നോക്കിക്കണ്ടത്. സ്ത്രീധനത്തിന്റെ പേരിൽ നടക്കുന്ന കുറ്റകൃത്യങ്ങളിലേക്കും ഭർതൃഗൃഹത്തിൽ അരങ്ങേറുന്ന പീഡനങ്ങളിലേക്കുമാണ് ഈ സംഭവം വിരൽ ചൂണ്ടുന്നത്. എന്നാൽ വിസ്മയയുടെ മരണത്തിൽ തനിക്കും ഉത്തരവാദിത്വമുണ്ടെന്ന് ഇപ്പോള്‍ പറയുകയാണ് അഭിനേതാവായ സലിംകുമാർ.

‘സ്ത്രീധന ഭാരത്താല്‍ തൂങ്ങിയാടാനുള്ളതല്ല സ്ത്രീ ജിവിതങ്ങള്‍’ എന്ന സന്ദേശത്തിലൂന്നി ഡി.വൈ.എഫ്.ഐ നടത്തിയ യുവജന ജാഗ്രതാ സദസ്സില്‍ സംസാരിക്കുകയായിരുന്നു സലിംകുമാര്‍.
‘വിസ്മയയുടെ മരണത്തില്‍ എനിക്കും ഉത്തരവാദിത്വം ഉണ്ട്. ആ ഭര്‍ത്താവിന് കൊടുക്കുന്ന ശിക്ഷയുടെ ഉത്തരവാദിയാണ് ഞാനും. മലയാളി മനസ്സില്‍ സൂക്ഷിക്കുന്ന തുലാസ് നീക്കം ചെയ്താലേ സ്ത്രീധനത്തിന്റെ പേരിലുണ്ടാവുന്ന അതിക്രമങ്ങള്‍ ഒഴിവാകുകയുള്ളൂ. ആണ്‍കുട്ടികളുള്ള എല്ലാ വീട്ടിലും ഓരോ തുലാസ് ഉണ്ട്, വരുന്ന സ്ത്രീധനത്തിന്റെ തൂക്കം നോക്കാന്‍. ആ ത്രാസ് പിടിച്ചെടുക്കുക.

എനിക്ക് രണ്ട് ആണ്‍മക്കളാണ്. എന്റെ വീട്ടിലും ത്രാസ് ഉണ്ട്. അത് ഒഴിവാക്കുകയാണ്.” അദ്ദേഹം പറഞ്ഞു.

നിരവധി സ്ത്രീകളാണ് സ്ത്രീധനത്തിന് പേരിൽ ഇവിടെ കുരുതി കൊടുക്കപ്പെടുന്നത്. വിസ്മയയുടെ മരണത്തിനുശേഷവും ആത്മഹത്യകൾ ഇവിടെ ആവർത്തിക്കപ്പെട്ടത് ഈ സത്യത്തിലേക്കാണ് വിരൽചൂണ്ടുന്നത്. ‘ഓരോ പെണ്‍കുട്ടികളും മരിച്ച് വീഴുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാവാറുണ്ട്. പിന്നീട് മറ്റൊരു വിഷയം വരുമ്പോള്‍ അതെല്ലാം മാഞ്ഞുപോകും. മരുഭൂമിയില്‍ പെയ്യുന്ന മഴ പോലെ അത് വറ്റിപോകും. ക്രൈം ബ്യൂറോയുടെ കണക്കനുസരിച്ച്, 4 മാസത്തിനുള്ളില്‍ 1080ഓളം ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങളാണ് ഫയല്‍ ചെയ്യപ്പെട്ടത്. ഇവിടെ സ്ത്രീകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിക്കുന്നതിന്റെ കാരണങ്ങളില്‍ 50 ശതമാനവും സ്ത്രീധനം എന്ന് പറയുന്ന, കൊവിഡിനെക്കാള്‍ മാരകമായ വിപത്താണ്. കൊവിഡിന് വാക്‌സിനേഷന്‍ ഉണ്ട്. എന്നാല്‍ കാലങ്ങളായി ഈ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാചാരത്തിനെതിരെ വാക്‌സിനേഷന്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.’ അദ്ദേഹം കൂട്ടിച്ചേർത്തു

വീഡിയോ കാണാം : https://youtu.be/FLCrCVgIkc8

Comments: 0

Your email address will not be published. Required fields are marked with *