വീഡിയോ കോളില്‍ അവര്‍ കുഴഞ്ഞാടി ; കോരിത്തരിച്ചവരുടെ മാനവും പണവും കപ്പലേറി

കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് സൈബര്‍ കുറ്റകൃത്യങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുന്നതിനിടെ പൊലീസ് അന്യദേശക്കാരികളായ സുന്ദരിമാരുടെ വീഡിയോ കോള്‍ കെണിയില്‍ അകപ്പെട്ട് മാനവും പണവും നഷ്ടപ്പെടുന്നവരെക്കൊണ്ട് പൊറുതിമുട്ടുകയാണ്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കഴിഞ്ഞ ഒരു മാസത്തിനകം 183 പേരാണ് വീഡിയോ കോളില്‍ എത്തിയ സുന്ദരിമാര്‍ പണവും മാനവും കവര്‍ന്നുവെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്.

ഫേസ്ബുക്ക്, വാട്ട്സാപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് മാദകത്വം തുളുമ്പുന്ന യുവ സുന്ദരിമാര്‍ സൗഹൃദം നടിച്ച് പണവും മാനവും കവരുന്നത്. ചെറുപ്പക്കാര്‍ മുതല്‍ മദ്ധ്യവയസ്ക്കരും വൃദ്ധരും വരെയുള്ളവര്‍ ഇവരുടെ കെണിയില്‍ അകപ്പെടുന്നുണ്ട്. കൂലിപ്പണിക്കാരന്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടെക്കികളും വരെ അന്യദേശക്കാരികളായ മാദക തരുണീമണികളുടെ സൗന്ദര്യം ആസ്വദിക്കാന്‍ ഇറങ്ങി ഇപ്പോള്‍ തലയില്‍ മുണ്ടിട്ട് നടക്കുന്നവരുടെ കൂട്ടത്തിലുണ്ട്.

സമൂഹമാധ്യമ അക്കൗണ്ടുകളില്‍ അല്പവസ്ത്രധാരികളായ സുന്ദരിമാരെ അണിനിരത്തി പണം തട്ടിയെടുക്കുന്ന വമ്പന്‍ റാക്കറ്റാണ് തട്ടിപ്പിന് പിന്നില്‍. കൊവിഡിനെയും ലോക്ക്ഡൗണിനെയും തുടര്‍ന്ന് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് വീട്ടില്‍ അടച്ചിരിക്കുന്നവര്‍ക്കാണ് കെണിയില്‍പ്പെട്ട് പണവും മാനവും നഷ്ടപ്പെട്ടത്. ബിക്കിനിധാരികളായി ചിരിച്ചും കണ്ണിറുക്കിയും ശൃംഗാരനോട്ടമെറിഞ്ഞും ആണ് സമൂഹമാധ്യമങ്ങളില്‍ ഇവര്‍ ഇരകളെ വശീകരിക്കാറ്. ചിത്രത്തിന് താഴെ ലൈവ് ചാറ്റിനും വീഡിയോ കോളിനും സൗകര്യമുള്ളതായി കാണിച്ച് മൊബൈല്‍ നമ്പര്‍ കൂടി നല്‍കും. സുന്ദരിമാരുടെ ചിരിയും നോട്ടവും കണ്ട് നിയന്ത്രണം നഷ്ടപ്പെടുന്ന പലരും ചാറ്റിങ്ങിനോ വീഡിയോ കോളിനോ ശ്രമിക്കും. ഇരകള്‍ ചൂണ്ടയില്‍ കൊത്തിയെന്ന് അറിഞ്ഞാല്‍ ഉടന്‍ നെറ്റ് നമ്പറുകളില്‍ നിന്ന് വീഡിയോ കോളോ വാട്ട്സാപ്പ് വഴി ലൈവ് ചാറ്റിങ്ങോ വഴി സുന്ദരിമാര്‍ പ്രത്യക്ഷപ്പെടും. ഹിന്ദിയിലോ ഇംഗ്ലീഷിലോ ആകും സംസാരം. ഭാഷ വശമില്ലാത്തവരെയും അവര്‍ നിരാശപ്പെടുത്താറില്ല. തങ്ങളുടെ രഹസ്യഭാഗങ്ങള്‍ ക്യാമറ കണ്ണുകളിലൂടെ ഇരകളുടെ കണ്മുന്നില്‍ തുറന്നുകാട്ടുന്നതോടെ അവര്‍ മതിമറക്കും.

സ്ഥലകാലബോധം നഷ്ടപ്പെട്ട് മൊബൈല്‍ ഫോണിന്റെ ഫ്രണ്ട് ക്യാമറയ്ക്കു മുന്നില്‍ തങ്ങളുടെ മുഖവും അംഗലാവണ്യവും തുറന്നുകാട്ടുന്നതോടെ നിമിഷങ്ങള്‍ മാത്രം നീളുന്ന ലൈവ് വീഡിയോ കോളും വാട്ട്സാപ്പ് ചാറ്റും എല്ലാം അവസാനിക്കും. നിമിഷങ്ങള്‍ക്കു മുന്‍പ് കണ്മുന്നില്‍ കണ്ടതെല്ലാം മധുര സ്വപ്നങ്ങളായി അയവിറക്കുകയോ വീണ്ടും കോള്‍ ചെയ്യാന്‍ ശ്രമിക്കുകയോ ചെയ്യുന്നതിനിടെ ഭീഷണികോള്‍ എത്തും.

‘നിങ്ങളുടെ മുഖവും രഹസ്യഭാഗങ്ങളും ലൈവ് വീഡിയോ കോളും ചാറ്റുകളും എല്ലാം ഞങ്ങള്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെ’ന്നും ‘നിങ്ങളുടെ ഫോണ്‍ സമ്പര്‍ക്ക ലിസ്റ്റുകളിലേക്ക് ഉടന്‍ അയയ്ക്കുമെ’ന്നും ഭീഷണിപ്പെടുത്തും. കൂടാതെ ഇരകളുടെ ഫോണിലെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ചിലരുടെ പേരും നമ്പറുകളും കൂടി സ്ക്രീന്‍ഷോട്ടുകളായി ഇവര്‍ അയച്ചു കൊടുക്കും.

ഇത്രയും ആയതോടെ തങ്ങള്‍ കെണിയില്‍ അകപ്പെട്ടതായി ഇരകള്‍ക്ക് ഉത്തമബോധ്യമാകും. ഭാര്യയുടെയും സഹപ്രവര്‍ത്തകരുടെയും നാട്ടുകാരുടെയും മുന്നില്‍ നാണം കെടുമെന്ന് ഭയന്ന് പലരും ആവശ്യപ്പെടുന്ന പണം നല്‍കി പ്രശ്നം രഹസ്യമായി തീര്‍ക്കാന്‍ നോക്കും. ഒരു തവണ അയ്യായിരമോ പതിനായിരമോ നല്‍കുന്നതോടെ പിന്നെ ലക്ഷങ്ങള്‍ക്കായുള്ള ഭീഷണിയും ബ്ലാക്ക്മെയിലിംഗുമാകും.

അപരിചിതരുടെ വീഡിയോ കോളുകള്‍ സ്വീകരിക്കുമ്പോള്‍ ഇത്തരം കെണികളെ കുറിച്ച് ഓര്‍ക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പരാതി ലഭിച്ച സംഭവങ്ങളില്‍ തട്ടിപ്പുകാരുടെ ഐ.പി അഡ്രസ് കേന്ദ്രീകരിച്ച് സൈബര്‍ പൊലീസിന്റെ സഹായത്തോടെ അന്വേഷണം നടന്നുവരികയാണ്.

Comments: 0

Your email address will not be published. Required fields are marked with *