വീണ്ടും മക്കന്‍സിയുടെ സംഭാവന ; ഇത്തവണ 19,792 കോടി രൂപ

മക്കന്‍സി സ്‌കോട്ട് എന്ന പേര് വാര്‍ത്തകളില്‍ സജീവമായി തുടങ്ങിയിട്ട് കാലം കുറച്ചായി. അമേരിക്കയിലെ ജീവകാരുണ്യ പ്രവര്‍ത്തക, നോവലിസ്റ്റ് എന്നീ ലേബലുകള്‍ക്കു പുറമെ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ എന്ന നിലയിലാകും കൂടുതലാളുകളും അവരെ അടുത്തറിയുക. ബെസോസുമായി പിരിഞ്ഞതിനുശേഷം, വിവാഹമോചന കരാര്‍ പ്രകാരം തനിക്ക് ലഭിച്ച ശതകോടികളിലേറെയും ദാനം ചെയ്യുമെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അടുത്തിടെ 270 കോടി ഡോളറാണ്(ഏകദേശം 19,792 കോടി രൂപ) അവര്‍ സംഭാവനയായി നല്‍കിയത്. 286 സ്ഥാപനങ്ങള്‍ക്കായാണ് തുക നല്‍കിയതെന്ന് ബ്ലോഗ് പോസ്റ്റിലൂടെ അവര്‍ അറിയിച്ചു.

5900 കോടി ഡോളറിന്റെ ആസ്തിയുള്ള മക്കന്‍സി സ്‌കോട്ട് മുന്‍പും വന്‍ തുക സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം രണ്ടു തവണകളിലായി 600 കോടി ഡോളറാണ് (43,981 കോടി രൂപ) അവരുടെ സംഭാവന. കോവിഡ് സഹായം, ലിംഗ സമത്വം, കറുത്ത വര്‍ഗക്കാരുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ എന്നിവയ്ക്കായാണ് സംഭാവനകളില്‍ ഏറെയും.

ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ 200 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള ജെഫ് ബെസോസാണ് ലോകത്തിലെ ഏറ്റവും വലിയ ധനികന്‍. ഈ പട്ടികയില്‍ 22-ാം സ്ഥാനത്താണ് മക്കന്‍സി സ്‌കോട്ട്.

Comments: 0

Your email address will not be published. Required fields are marked with *