വ്ലോഗിങ്ങിനിടെ അബദ്ധത്തില്‍ ബക്കറ്റില്‍ വീണു ; ചിരിയും ചിന്തയും ഉണര്‍ത്തുന്ന വീഡിയോ വൈറല്‍

യുട്യൂബര്‍മാരുടെയും വ്‌ളോഗര്‍മാരുടെയും കാലമാണിത്. പ്രായഭേദമന്യേ നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെടുന്ന യുട്യൂബര്‍മാരുടെ എണ്ണവും ചെറുതല്ല. വ്‌ളോഗിങ്ങിനിടെ സംഭവിക്കുന്ന ചില അബദ്ധങ്ങളും പലപ്പോഴും വൈറലാകാറുണ്ട്. അത്തരമൊരു അബദ്ധത്തിലൂടെ സ്റ്റാറായിരിക്കുകയാണ് ഇപ്പോള്‍ ഒരു മിടുക്കി.

മൂന്നര വയസ്സാണ് ഈ കുട്ടിയുടെ പ്രായം. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി നരിക്കാട്ടുംചാല്‍ നാരോള്ളതില്‍ നസീറിന്റെ മകള്‍ ഹന്‍ഫ ഫാത്തിമയാണ് താരമായത്. അടുത്തിടെ വെറുതെ ഒരു രസത്തിന് ‘ഹലോ ഗയ്‌സ്! വെല്‍ക്കം ടു മൈ യുട്യൂബ് ചാനല്‍’ എന്ന് പറഞ്ഞുകൊണ്ട് പിന്നിലേക്ക് നടന്നതാണ് ഈ മിടുക്കി. പക്ഷെ അബദ്ധത്തില്‍ ഒരു ബക്കറ്റിലേക്ക് വീണു. അങ്ങനെയാണ് വീഡിയോ വൈറലായത്.

സത്യത്തില്‍ യുട്യൂബ് ചാനല്‍ ഇല്ലാതിരുന്ന ഹന്‍ഫ എല്ലാ വ്ലോഗര്‍മാരും പൊതുവെ ചെയ്യുന്നതുപോലെ ഒരു ഇന്‍ട്രോ പറഞ്ഞുനോക്കിയതാണ്. പക്ഷെ ആ വീഴ്ച കുട്ടിയെ വൈറലാക്കി. സമൂഹമാധ്യമങ്ങളില്‍ ഒന്നരക്കോടിയിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു ചിരിയും ചിന്തയും ഉണര്‍ത്തുന്ന ഈ വീഡിയോ. കുട്ടികളുടെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധ ഉണ്ടാവണം എന്നും വീഡിയോ ഓര്‍മ്മപ്പെടുത്തുന്നു.

എന്നാല്‍ അബദ്ധത്തില്‍ വീണെങ്കിലും ആ വീഴ്ചയൊന്നും ഹന്‍ഫ സാരമായി എടുത്തിട്ടില്ല. യുട്യൂബില്‍ കാണുന്നതുപോലെയുള്ള മറ്റ് വീഡിയോകളും തയാറാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ഈ കൊച്ചുമിടുക്കി.

Comments: 0

Your email address will not be published. Required fields are marked with *