ഷവര്‍മ തയ്യാറാക്കി കാത്തിരിക്കാന്‍ ഇനി ഖാദറിച്ച ഇല്ല ; പ്രവാസ ലോകത്തിന് ഇന്ന് കണ്ണീര്‍ ദിനം

പ്രവാസ ലോകത്തിന് ഏറെ പ്രിയപ്പെട്ടവന്‍ ആയിരുന്നു ഇന്നലെ അന്തരിച്ച ഖാദര്‍ കുന്നില്‍. കെ.എം.സി.സി എന്ന പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ ഖാദര്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. യുഎഇയിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ മേഖലകളില്‍ ഖാദറിച്ച നിറസാന്നിധ്യം ആയിരുന്നു.

കാസര്‍ഗോഡ് ചെമനാട് നെച്ചിപ്പടുപ്പ് സ്വദേശിയായ ഖാദര്‍ ഷാര്‍ജ റോള കേന്ദ്രീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തി വരികയായിരുന്നു. വൃക്ക സംബന്ധമായ അസുഖം കാരണം ഒരു വര്‍ഷമായി ഖാദര്‍ നാട്ടില്‍ ചികിത്സയില്‍ ആയിരുന്നു. ഷാര്‍ജ റോളയിലെ ഫലാഫില്‍ കഥത്തീരിയയില്‍ എത്തുന്ന സൗഹൃദങ്ങളെ കാത്ത് ഷവര്‍മയും തയ്യാറാക്കി കാത്തിരിക്കാന്‍ ഇനി ഖാദറിച്ച ഇല്ലല്ലോ എന്ന് ഓര്‍ക്കുമ്പോള്‍ റോളയുടെ മിഴിയും നിറയുന്നു. അറബിക് ശൈലിയിലുള്ള ആ ഷവര്‍മയ്ക്ക് നല്ല രുചിയാണ് ; ഖാദറിച്ചയുടെ മനസ്സുപോലെ.

പറയാനുള്ള കാര്യങ്ങള്‍ നര്‍മ്മം കലര്‍ത്തി അദ്ദേഹം എവിടെയും തുറന്നു പറയും. മീറ്റിങ്ങുകളില്‍ അവതരിപ്പിക്കേണ്ട കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക് ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന് നോക്കാതെ സത്യസന്ധമായി അവതരിപ്പിക്കാനുള്ള ഖാദറിച്ചയുടെ ആര്‍ജ്ജവം ശ്രദ്ധേയമാണ്. പരിമിതികളില്‍ നിന്ന് കെ.എം.സി.സി കെട്ടിപ്പടുത്ത കഥകള്‍ അദ്ദേഹം എന്നും യുവതലമുറയുമായി പങ്കുവെക്കുമായിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രവര്‍ത്തന രംഗത്ത് 1984 മുതല്‍ ഖാദറിച്ച സജീവമായിരുന്നു. ബൃഹത്തായ ഒരു സൗഹൃദവലയത്തിനു ഉടമയായിരുന്നു അദ്ദേഹം. നേരത്തെ പൊതുപ്രവര്‍ത്തന രംഗത്തും കാരുണ്യ പ്രവര്‍ത്തന രംഗത്തും അദ്ദേഹം സജീവമായിരുന്നു.

കെ.എം.സി.സി കേന്ദ്ര ഓര്‍ഗനൈസിങ് സെക്രട്ടറി ഉള്‍പ്പെടെ നിരവധി പദവികളില്‍ ഖാദറിച്ച മാതൃകാ പ്രവര്‍ത്തനം നടത്തിയിരുന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ മാനേജിങ് കമ്മിറ്റി അംഗമായും ഷാര്‍ജ കെ.എം.സി.സി കാസര്‍ഗോഡ് ജില്ല പ്രസിഡന്റായും അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു. ഖാദറിച്ച ചെമനാട് സി.എച്ച് സെന്റര്‍ ഷാര്‍ജ കമ്മിറ്റി പ്രസിഡന്റ് ആയിരുന്നു. ലക്ഷോപലക്ഷം പ്രവാസികളുടെ കണ്ണീര്‍ തുടച്ചും വിശപ്പ് അകറ്റിയും സ്നേഹത്തിന്റെ അടിസ്ഥാനത്തില്‍ ധനികനായ ഖാദറിച്ചയെ ഷാര്‍ജയുടെ മണലാരണ്യം ഒരിക്കലും മറക്കില്ല ; അവിടെയുള്ള മലയാളികളും.

Comments: 0

Your email address will not be published. Required fields are marked with *