സച്ചി സര്‍ ഏറ്റെടുത്തത് വലിയ വെല്ലുവിളിയാണ് : പളനിസ്വാമി

അതുല്യ പ്രതിഭ ആയിരുന്ന സംവിധായകൻ സച്ചി വിടവാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായ അയ്യപ്പനും കോശിയും കണ്ടവർക്ക് പളനിസ്വാമിയെയും നഞ്ചിയമ്മയെയും ഒരിക്കലും മറക്കാനാവില്ല. സച്ചിയെക്കുറിച്ചുള്ള നല്ല ഓർമ്മകൾക്കിടയിൽ പളനിസ്വാമിക്കും കുറെയേറെ പറയാനുണ്ട്.

പളനിസ്വാമിയുടെ വാക്കുകള്‍ ഇങ്ങനെ :

‘ഞാൻ ഒരു ആദിവാസിയാണ്. ഇന്നും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കടന്നുവരാൻ പ്രയത്നിക്കുന്ന ഒരു സമൂഹത്തിൻറെ പ്രതിനിധി. സിനിമ എന്നത് എന്നെ സംബന്ധിച്ച് ഒരു സ്വപ്നം ആയിരുന്നു. ജീവിതത്തിൽ ഒരിക്കലും എന്നെപ്പോലൊരാൾക്കോ, എന്റെ സമൂഹത്തിലെ ഒരാൾക്കോ സിനിമയിൽ അവസരം ഉണ്ടാകില്ല. ആദിവാസികളെയും കീഴാള സമൂഹത്തെയും ആക്ഷേപിക്കുന്നതായിരുന്നു മിക്ക മലയാളസിനിമകളും.

സിനിമയുമായി എനിക്കോ നഞ്ചിയമ്മയ്ക്കോ ഒരു ബന്ധവുമില്ല. എന്നിട്ടും പൃഥ്വിരാജിനും ബിജുമേനോനും ഒപ്പം ഞങ്ങള്‍ക്ക് അദ്ദേഹം അവസരം നൽകി. വലിയൊരു വെല്ലുവിളി തന്നെയായിരുന്നു അത്. ആ വെല്ലുവിളിയാണ് സച്ചി സാർ ഏറ്റെടുത്തത്. മലയാളസിനിമയിലെ പേരുകേട്ട ചലച്ചിത്ര പ്രതിഭകള്‍ ഒന്നും ഇത്തരമൊരു പരീക്ഷണത്തിന് തയ്യാറായിട്ടില്ല.

കീഴാള സമൂഹത്തിലെ ഒരാൾക്ക് അന്തസ്സുള്ള കഥാപാത്രം മലയാള സിനിമ നൽകിയിട്ടില്ല. ഞങ്ങളെ കോമാളികളായിട്ടാണ് പലപ്പോഴും ചിത്രികരിച്ചിട്ടുള്ളത്. അങ്ങനെയുള്ള മലയാളിയുടെ പൊതുബോധത്തെയും പാരമ്പര്യവഴികളെയും തകർത്തെറിഞ്ഞ ധീരനായ ഒരു ചലച്ചിത്ര പ്രതിഭയായിരുന്നു സച്ചി സാർ. ‘നീ നിൻറെ സമൂഹത്തിൻറെ ഒരു സിനിമ ചെയ്യണം. നിങ്ങളുടെ സമൂഹത്തിൻറെ കഥ സത്യസന്ധമായി ആവിഷ്ക്കരിക്കാൻ നിങ്ങൾക്ക് മാത്രമേ കഴിയൂ’ എന്ന് അദ്ദേഹം പറയുമായിരുന്നു.

ജീവിതത്തിൽ എത്ര നേടിയാലും സിനിമയെ ആത്മാവിൽ താലോലിക്കുന്ന എന്നെപ്പോലൊരാൾക്ക് സച്ചി സാർ നൽകിയ സൗഭാഗ്യം മറക്കാനാവില്ല. ജന്മം കൊണ്ട് വീട്ടാനുമാകില്ല ആ കടം.’

Comments: 0

Your email address will not be published. Required fields are marked with *