‘സബാഷ് മിത്തു’വിന്റെ സംവിധായകന്റെ സ്ഥാനത്ത് നിന്നും രാഹുല്‍ ധോലാകി പിന്മാറി

അഭിനയത്തില്‍ സവിശേഷ പാടവംകൊണ്ട് ശ്രദ്ധേയയായ ബോളിവുഡ് നടി തപ്‌സി പന്നു ടൈറ്റില്‍ റോളിലെത്തുന്ന ബയോപിക്കാണ് ‘സബാഷ് മിത്തു’. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിത്താലി രാജിന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. സിനിമയുടെ സംവിധായകന്‍ എന്ന സ്ഥാനത്ത് നിന്നും താന്‍ പിന്മാറുകയാണെന്ന് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് ഇപ്പോള്‍ രാഹുല്‍ ധോലാകി. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സിനിമ ചെയ്യാന്‍ ആവശ്യമായ സമയം ഇല്ലെന്നും ഷെഡ്യൂള്‍ ക്ലാഷ് ആണ് പിന്മാറ്റത്തിന് പിന്നിലെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

രാഹുല്‍ ധോലാകി കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ :

‘നിങ്ങള്‍ ചെയ്യുമെന്ന് നിങ്ങള്‍ക്ക് ഉറപ്പുള്ള ചില സിനിമകളുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു ‘സബാഷ് മിത്തു’. തിരക്കഥ വായിച്ചപ്പോള്‍ എനിക്ക് ഉറപ്പായിരുന്നു, ഈ സിനിമ ഞാന്‍ ചെയ്യുമെന്ന്. അത് ഏതാണ്ട് ഒന്നര വര്‍ഷം മുമ്പായിരുന്നു.

നിര്‍ഭാഗ്യവശാല്‍ 2019 നവംബറില്‍ ആരംഭിച്ച യാത്ര ഞാന്‍ അവസാനിപ്പിക്കുകയാണ്.പ്രിയ ആവേന്‍ തിരക്കഥയെഴുതിയ ഈ സിനിമ ഞാന്‍ സംവിധനം ചെയ്യില്ല. ഈ സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വളരെ അധികം പ്രിയപ്പെട്ട ഓര്‍മ്മകളുണ്ട്.

ഈ കുറിപ്പ് എഴുതുമ്പോള്‍ ഞാന്‍ വികാരാധീനനാകുന്നു. ഈ ചിത്രം എല്ലായ്‌പ്പോഴും അഭിനിവേശത്തെക്കുറിച്ച് പറയുന്നു.’

‘ബീഗം ജാന്‍’ സംവിധായകന്‍ ശ്രീജിത്ത് മുഖര്‍ജി ആയിരിക്കും രാഹുലിന് പകരം ‘സബാഷ് മിത്തു’ സംവിധാനം ചെയ്യുക. ‘സബാഷ് മിത്തു’വിനായി തപ്സി ക്രിക്കറ്റ് പരിശീലിക്കുന്ന ചിത്രങ്ങളും വീഡിയോകളും നേരത്തെ വൈറലായിരുന്നു. പ്രശസ്ത കോച്ച് നൂഷിന്‍ അല്‍ ഖദീറിനൊപ്പമാണ് തപ്‌സി ക്രിക്കറ്റ് പരിശീലിക്കുന്നത്.ബാറ്റിങ് സ്‌റ്റൈലും ഫൂട്‌വര്‍ക്കുമടക്കം സ്‌ക്രീനിലെ ചുവടുകള്‍ ഒരു പ്രൊഫഷനല്‍ ക്രിക്കറ്ററുടേതിന് സമാനമായിരിക്കണം എന്ന ആഗ്രഹത്താലാണ് തപ്‌സി ക്രിക്കറ്റിന്റെ വിദഗ്ധ രീതികള്‍ പഠിച്ചെടുത്തത്. വിയാകോം 18 സ്റ്റുഡിയോസാണ് ‘സബാഷ് മിത്തു’ നിര്‍മ്മിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *