സമ്മര്‍ ഇന്‍ ബത്ലഹേം സെറ്റില്‍ നിന്നും അഭിനയിക്കാതെ അച്ഛന്‍ തിരികെ വന്നു ; കുതിരവട്ടം പപ്പുവിന്റെ മകന്‍ മനസ്സു തുറന്നു

മലയാളി സിനിമ പ്രേക്ഷകര്‍ ഒരിക്കലും കുതിരവട്ടം പപ്പുവെന്ന അതുല്യ പ്രതിഭയെ മറക്കില്ല. അദ്ദേഹം മണ്‍മറഞ്ഞു പോയിട്ട് വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞെങ്കിലും താരത്തിന്റെ സിനിമകളും കഥാപാത്രങ്ങളും എല്ലാം പ്രേക്ഷകര്‍ക്കിടയില്‍ ഇന്നും ചര്‍ച്ചാവിഷയമാണ്. തേന്മാവിന്‍ കൊമ്പത്ത്, മണിച്ചിത്രത്താഴ്, വെള്ളാനകളുടെ നാട്, മിന്നാരം എന്നിങ്ങനെ 1500ല്‍ പരം ചിത്രങ്ങളില്‍ അദ്ദേഹം തന്റെ അഭിനയ പ്രതിഭ തെളിയിച്ചിട്ടുണ്ട്. ഷാജി കൈലാസ് ചിത്രം നരസിംഹത്തിലാണ് കുതിരവട്ടം പപ്പു അവസാനമായി അഭിനയിച്ചത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് പപ്പുവിന്റെ മകന്‍ ബിനു പപ്പുവും സിനിമാ ലോകത്ത് എത്തിയിരുന്നു. 2015 മുതല്‍ ബിനു സിനിമയില്‍ സജീവമാണെങ്കിലും താരം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിലൂടെയാണ്. സൈബര്‍ സെല്‍ ഉദ്യോഗസ്ഥനായി അദ്ദേഹം മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. ‘വണ്ണി’ലും ബിനു മികച്ച വേഷത്തില്‍ എത്തിയിരുന്നു. കൈയടക്കത്തോടെയുള്ള ബിനു പപ്പുവിന്റെ അഭിനയമാണ് പ്രേക്ഷകരുടെ ഇടയില്‍ കൂടുതല്‍ ചര്‍ച്ചയായത്.

ഇപ്പോഴിതാ അച്ഛന്‍ പപ്പുവിന് അവസാന നിമിഷം വേണ്ടെന്ന് വെക്കേണ്ടിവന്ന ഹിറ്റ് ചിത്രത്തെ കുറിച്ച് ബിനു പപ്പു വെളിപ്പെടുത്തിയിരിക്കുകയാണ്. സമ്മര്‍ ഇന്‍ ബത്ലഹേമില്‍ കലാഭവന്‍ മണി അവതരിപ്പിച്ച കഥാപാത്രം അച്ഛന്‍ ചെയ്യേണ്ടതായിരുന്നു എന്നും, സെറ്റില്‍ നിന്നും കുതിരവട്ടം പപ്പുവിന് അഭിനയിക്കാനാകാതെ തിരികെ വരേണ്ടി വന്നുവെന്നും ബിനു പപ്പു പറഞ്ഞു.

ബിനു പപ്പുവിന്റെ വാക്കുകളിലേക്ക് :

‘സമ്മര്‍ ഇന്‍ ബത്ലഹേം എന്ന ചിത്രത്തില്‍ കലാഭവന്‍ മണി ചേട്ടന്റെ കഥാപാത്രം ചെയ്യേണ്ടിയിരുന്നത് അച്ഛന്‍ ആയിരുന്നു. ഊട്ടിയില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം.

സുന്ദരകില്ലാഡി എന്ന ചിത്രത്തിനു ശേഷം അദ്ദേഹം നേരെ പോകുന്നത് ഊട്ടിയിലെ ഈ സെറ്റിലേയ്ക്കാണ്. കോയമ്പത്തൂരില്‍ വെച്ചായിരുന്നു സുന്ദരകില്ലാഡിയുടെ ചിത്രീകരണം. ആ സമയത്ത് അവിടെ ഭയങ്കര ചൂട് ആയിരുന്നു. ചൂടു കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ അച്ഛന്‍ ഉള്‍പ്പെടെയുള്ള എല്ലാ താരങ്ങള്‍ക്കും ഉണ്ടായിരുന്നു. അത് ചിത്രം ശ്രദ്ധിച്ചാല്‍ മനസ്സിലാകും, രണ്ടാം ഭാഗം ആകുമ്പോള്‍ അച്ഛന്റെയും ദിലീപേട്ടന്റെയും നന്ദു ചേട്ടന്റെയും എല്ലാം സ്കിന്‍ ടോണ്‍ മാറിയിരിക്കുന്നത്. ഒരുപാട് മലകള്‍ ഉള്ള സ്ഥലത്ത് ആയിരുന്നു ചിത്രീകരണം.

ഈ ചൂടുള്ള കാലാവസ്ഥയില്‍ നിന്ന് നേരെ അച്ഛന്‍ പോയത് ഊട്ടിയിലെ സമ്മര്‍ ഇന്‍ ബത്ലഹേമിന്റെ സെറ്റിലേയ്ക്കാണ്. ചിത്രത്തില്‍ ആദ്യം എടുക്കുന്ന സീന്‍ അച്ഛന്റെ കഥാപാത്രം ഓടി കയറുന്ന ആ ഗാനരംഗം ആയിരുന്നു. അത് ചെയ്തപ്പോള്‍ തന്നെ അച്ഛന് ശ്വാസം കിട്ടാതെയായി. ഉടന്‍ തന്നെ കാര്യം പറഞ്ഞിട്ട് അദ്ദേഹം റൂമിലേയ്ക്ക് പോയി. എന്നിട്ടും ഓക്കെ ആയില്ല. അങ്ങനെയാണ് ആ ചിത്രത്തില്‍ നിന്ന് പിന്മാറുന്നത്. അവര്‍ ആശുപത്രിയില്‍ കൊണ്ടുപോകാം എന്ന് പറഞ്ഞിരുന്നു. അദ്ദേഹം ‘വേണ്ട. സിനിമ ചെയ്യുന്നില്ലെ’ന്ന് പറഞ്ഞ് തിരികെ വരികയായിരുന്നു.

അച്ഛനെ സംബന്ധിച്ചിടത്തോളം സിനിമയും നാടകവും ആയിരുന്നു ജീവിതം. അഭിനയമാണ് അച്ഛനെ വളര്‍ത്തിയത്. കാലും കൈയും കെട്ടിയിട്ടാലും അദ്ദേഹം അഭിനയിക്കും. അങ്ങനെയുള്ള അച്ഛന്‍ സിനിമ ചെയ്യുന്നില്ല എന്ന് പറയണമെങ്കില്‍ അത്രയ്ക്ക് വയ്യാതായിരുന്നു. അതു കഴിഞ്ഞ് വീട്ടില്‍ എത്തി പരിശോധിച്ചപ്പോഴാണ് ന്യുമോണിയയാണെന്ന് മനസ്സിലായത്. അതിനു ശേഷം ഒരു വര്‍ഷത്തോളം അദ്ദേഹത്തെ അഭിനയിക്കാന്‍ വിട്ടിരുന്നില്ല. യാത്ര ചെയ്യരുതെന്ന് ഡോക്ടറുടെ കൃത്യമായ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നിട്ടും അതിനു ശേഷവും അദ്ദേഹം അഭിനയിച്ചിരുന്നു. നരസിംഹം ആയിരുന്നു അച്ഛന്‍ അവസാനം അഭിനയിച്ച ചിത്രം.’

Comments: 0

Your email address will not be published. Required fields are marked with *