സഹോദരിയെ തൊട്ടാൽ മുതലയാണെന്നൊന്നും നോക്കില്ല…

സഹോദരിയെ രക്ഷിക്കാനായി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് ഈ യുവതി. സഹോദരിയെ രക്ഷിക്കാൻ മുതലയുടെ മുഖം നോക്കി ഇടിക്കാനും ഇവർ മടിച്ചില്ല. മെക്സിക്കോയിലെ ഒരു തടാകത്തിലാണ് സംഭവം അരങ്ങേറിയത്.

തടാകത്തിൽ നീന്തിക്കൊണ്ടിരുന്ന മെലിസയെയും ജോർജിയ ലോറിയെയും ഒരു മുതല ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി കരയിലേക്ക് നീന്തിയ ജോർജിയ, തന്റെ സഹോദരിയെ മുതല വെള്ളത്തിനടിയിലേക്ക് വലിച്ചിടാൻ ശ്രമിക്കുന്നതു കണ്ട് ഭയം മറികടന്ന് മുതലയുടെ മുഖത്ത് ശക്തമായി ഇടിച്ചു. ഇടികൊണ്ട് പിന്മാറിയ മുതലയുടെ കൈയില്‍ നിന്നും അവർ സഹോദരിയെ രക്ഷിച്ചു. ജോർജിയയുടെ ധൈര്യമാണ് മെലിസയുടെ ജീവൻ രക്ഷിച്ചത്.

പ്യൂർട്ടോ എസ്കോണ്ടിഡോയ്ക്ക് സമീപമുള്ള ഒരു തടാകത്തിലായിരുന്നു സംഭവം നടന്നതെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു. തിരികെ നീന്തുന്നതിനിടയിലാണ് സഹോദരി മെലിസ വെള്ളത്തിനടിയിലേക്ക് അപ്രത്യക്ഷമായത് ജോർജിയ കണ്ടത്. പിന്നീടാണ് മുതല സഹോദരിയെ വലിച്ചിഴച്ച് മുക്കിക്കൊല്ലാൻ ശ്രമിക്കുന്നത് അവർ ശ്രദ്ധിച്ചത്. മുതലയെ ആക്രമിച്ച് ജോർജിയ സഹോദരിയെ ബോട്ടിനടുത്തേക്ക് കൊണ്ടുപോയി. എന്നാൽ അക്രമകാരിയായ മുതല ഇവരെ പിന്തുടർന്നു വന്നു. ധൈര്യം സംഭരിച്ച് ജോർജിയ മുതലയെ ആവർത്തിച്ചാവർത്തിച്ച് ഇടിച്ചുകൊണ്ടേയിരുന്നു.

‘ഇവർ രണ്ടുപേരും മെഡിക്കൽ കോമയിലാണ്. മുതലയുടെ വായയിൽ നിന്നും പല്ലിലും നിന്നും ഉണ്ടാകാനിടയുള്ള അണുബാധകളെക്കുറിച്ച് ഡോക്ടർമാർ ആശങ്കാകുലരാണ്. അവർക്ക് അമിതമായ അളവിൽ ഇൻട്രാവൈനസ് ആന്റിബയോട്ടിക്കുകള്‍ നൽകിയിട്ടുണ്ട്. അതിനാൽ ഏതെങ്കിലും അണുബാധയുണ്ടായാൽ പെട്ടെന്ന് തന്നെ ഭേദമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു”, സഹോദരി ഹാന പറഞ്ഞു.

ജോർജിയ പരിചയസമ്പന്നയായ ഒരു മുങ്ങൽ വിദഗ്ധയാണെങ്കിലും, മുതലയുമായുള്ള ഏറ്റുമുട്ടൽ അവരെ വല്ലാതെ ഭയപ്പെടുത്തി. നിലവിൽ ഇവരുടെ കുടുംബം മെക്സിക്കോയിലെ ബ്രിട്ടീഷ് എംബസിയുമായി ബന്ധപ്പെട്ടതായും, സഹോദരിമാരെ സുരക്ഷിതരായി ബെർക്‌ഷെയറിലെ അവരുടെ വീട്ടിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ചർച്ചകൾ നടത്തുന്നതായും ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *