സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ 35കാരന് 1.55 ലക്ഷം രൂപയ്ക്ക് വിറ്റ് കുടുംബം

ഗുജറാത്തിലേക്ക് സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയ 15കാരിയെ കുടുംബാംഗങ്ങള്‍ 35കാരന് 1.55 ലക്ഷം രൂപയ്ക്ക് വിറ്റു. മധ്യപ്രദേശിലെ ധാര്‍ ജില്ലയിലെ ധര്‍മ്മപുരി പൊലീസ് സ്റ്റേഷന് കീഴിലുള്ള ഗ്രാമത്തിലാണ് സംഭവം.

15കാരി സഹോദരീ ഭര്‍ത്താവിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ഗ്രാമത്തില്‍ പഞ്ചായത്ത് വിളിച്ചു ചേര്‍ത്തിരുന്നതായി ജില്ലാ ചൈല്‍ഡ് ലൈന്‍ അംഗം പങ്കജ് ജെയിന്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൂത്ത സഹോദരിയുടെ നിര്‍ദേശപ്രകാരമാണ് പഞ്ചായത്ത് വിളിച്ചു ചേര്‍ത്തത്. അനിയത്തിക്ക് തന്റെ ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് യുവതി ആരോപിച്ചതായി നാട്ടുകാര്‍ പറഞ്ഞു. ‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ പഞ്ചായത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ മന്നവാര്‍ തഹസില്‍ സ്വദേശിയായ 35കാരന് പെണ്‍കുട്ടിയെ വില്‍ക്കാന്‍ കരാര്‍ ഒപ്പിട്ടതായി ഞങ്ങള്‍ക്ക് വിവരം ലഭിച്ചു.’ ജില്ലാ ചൈല്‍ഡ് ലൈന്‍ അംഗം പങ്കജ് ജെയിന്‍ പറഞ്ഞു.

സംഭവം സ്ഥിരീകരിച്ച ലോക്കല്‍ പൊലീസ് അന്വേഷണം നടത്തിയതിനു ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചു. അതേസമയം പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയതായി ചൈല്‍ഡ് ലൈന്‍ സ്ഥിരീകരിച്ചു.

Comments: 0

Your email address will not be published. Required fields are marked with *