സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍ ; സമ്മാനമായി 251-ാം ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്

മലയാള സിനിമയിലെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിക്ക് ഇന്ന് 63-ാം പിറന്നാള്‍. ‘ഓര്‍മ്മയുണ്ടോ ഈ മുഖം’ എന്ന് ആരും ചോദിക്കാന്‍ ഇട വരാത്ത വ്യക്തിത്വം സിനിമയിലും പൊതുജന സേവനത്തിലും പ്രകടിപ്പിച്ച താരമാണ് സുരേഷ് ‌ഗോപി. രാഷ്ട്രീയത്തില്‍ പ്രവേശിച്ചെങ്കിലും മികച്ച തെരഞ്ഞെടുപ്പുകളോടെ സിനിമയിലും അദ്ദേഹം സാന്നിധ്യമറിയിക്കുന്നുണ്ട്. പിറന്നാള്‍ സമ്മാനമായി താരത്തിന്റെ 251-ാം ചിത്രത്തിന്റെ ക്യാരക്ടര്‍ ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തര്‍. പോസ്റ്ററിലെ ചിത്രം കണ്ടാലറിയാം ഇതിലും മികച്ച പിറന്നാള്‍ സമ്മാനം താരത്തിന് വേറെ കിട്ടില്ലെന്ന്.

പേര് ഇതുവരെ ഇട്ടിട്ടില്ലാത്ത ചിത്രത്തില്‍ പുത്തന്‍ ഗെറ്റപ്പിലാണ് സുരേഷ് ‌ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കിടിലന്‍ ലുക്കില്‍ നരച്ച താടിയില്‍ വാച്ച് നന്നാക്കുന്ന പോസിലാണ് ചിത്രം. താരത്തിന്റെ അഭിനയ ജീവിതത്തിലെ വ്യത്യസ്ത കഥാപാത്രമാകും ഇതെന്ന് ഒറ്റ നോട്ടത്തിലറിയാം. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ ഉള്‍പ്പടെയുള്ളവരുടെ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട പോസ്റ്റര്‍ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. എത്തീരിയല്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം രാഹുല്‍ രാമചന്ദ്രനാണ് സംവിധാനം ചെയ്യുന്നത്. പുതിയ ചിത്രം മാസ് ആക്ഷന്‍ ആയിരിക്കുമെന്ന് സൂചന ലഭിച്ചതോടെ ആരാധകരും ആവേശത്തോടെയാണ് പോസ്റ്ററിനെ വരവേറ്റിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *