സോനു സൂദ് 18 തികഞ്ഞ മകന് മൂന്ന് കോടിയുടെ കാര്‍ വാങ്ങിയോ? സത്യം ഇതാണ്

വില്ലന്‍, ക്യാരക്ടര്‍ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ ബോളിവുഡ് നടനാണ് സോനു സൂദ്. കൊവിഡ് മഹാമാരിയില്‍ നാടിനു വേണ്ടി സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മുന്‍ പന്തിയിലുണ്ടായിരുന്ന നടനെ കുറിച്ച് വ്യാജവാര്‍ത്ത പടച്ചുവിടലാണ് ഇപ്പോള്‍ നെറ്റിസണ്‍സിന്റെ പണി. തനിക്കെതിരെ അലയടിച്ച കള്ളപ്രചരണത്തിനെതിരെ താരം ഇപ്പോള്‍ നേരിട്ട് മറുപടി പറഞ്ഞിരിക്കുകയാണ്.

സോനു സൂദിന്റെ മൂത്ത മകന്‍ ഇഷാന് അടുത്തിടെ 18 വയസ് തികഞ്ഞിരുന്നു. അതായത് വാഹനം ഓടിക്കാന്‍ ലൈസന്‍സ് കിട്ടാനുള്ള പ്രായമായി എന്നതാണ് ഹൈലൈറ്റ്. ഫാദേഴ്‌സ് ഡേ സമ്മാനമായി താരം മകന് മൂന്നു കോടി രൂപ വിലമതിക്കുന്ന കാര്‍ വാങ്ങി നല്‍കി എന്ന വാര്‍ത്തയാണ് സമൂഹ മാധ്യമങ്ങളില്‍ നെറ്റിസണ്‍സ് പ്രചരിപ്പിച്ചത്. ആരാധകര്‍ ഇത് ഏറ്റെടുത്ത് ചര്‍ച്ചാവിഷയം ആക്കിയതോടെ നടന്‍ സത്യം വെളിപ്പെടുത്താന്‍ നേരിട്ടിറങ്ങി.

‘ഞാന്‍ മകനുവേണ്ടി കാര്‍ വാങ്ങി നല്‍കിയിട്ടില്ല. ഒരു ട്രയലിനായി കാര്‍ വീട്ടിലേക്കു കൊണ്ടുവന്നു. ടെസ്റ്റ് റണ്‍ നടത്തുകയും ചെയ്തു. മാത്രമല്ല ഫാദേഴ്‌സ് ഡേയില്‍ ഞാന്‍ മകന് എന്തിന് കാര്‍ വാങ്ങി നല്‍കണം? എനിക്കല്ലേ എന്തെങ്കിലും തരേണ്ടത്? അത് എനിക്കു വേണ്ടിയുള്ള ദിവസമല്ലേ?’ സോനു സൂദ് കുറിച്ചു. ‘ഫാദേഴ്‌സ് ഡേയില്‍ എനിക്ക് എന്റെ രണ്ട് ആണ്‍മക്കള്‍ക്ക് നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനം അവരോടൊപ്പം സമയം ചിലവഴിക്കുക എന്നതാണ്. ദിവസം മുഴുവന്‍ അവരോടൊപ്പം ചിലവഴിക്കുന്നു എന്ന ആഡംബരമാണ് ഞാന്‍ എനിക്കു വേണ്ടി സമ്പാദിച്ചതെന്ന് കരുതുന്നു’വെന്നും താരം വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *