സ്വപ്നത്തിൽ വന്ന് ബലാത്‌സംഗം ചെയ്യുന്നു ; മന്ത്രവാദിക്കെതിരെ പരാതിയുമായി യുവതി

സ്വപ്നത്തിൽ വന്ന് തന്നെ നിരന്തരം ബലാത്‌സംഗം ചെയ്യുന്നതായി മന്ത്രവാദിക്ക് എതിരായി യുവതിയുടെ വിചിത്ര പരാതി. ബിഹാറിലെ ഔറംഗബാദ് ജില്ലയിലെ യുവതിയാണ് പൊലീസിൽ രേഖാമൂലം പരാതി നൽകിയത്. ഈ വർഷം ജനുവരിയിൽ രോഗിയായ മകന് ചികിത്സ തേടിയാണ് യുവതി മന്ത്രവാദിയുടെ അടുത്ത് എത്തിയത്. പ്രതിവിധിയായി മന്ത്രം പറഞ്ഞുകൊടുത്ത മന്ത്രവാദി ചില ആചാരപ്രകാരമായ ക്രിയകൾ ചെയ്യുവാനും ആവശ്യപ്പെട്ടതായി യുവതി പറഞ്ഞു. അതെല്ലാം കൃത്യമായി അനുഷ്ഠിച്ചിട്ടും 15 ദിവസങ്ങൾക്കു ശേഷം അസുഖം മൂർച്ഛിച്ച് മകൻ മരിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.

മകന്റെ അകാല മരണത്തിന്റെ കാരണം തിരക്കി യുവതി മന്ത്രവാദിയുടെ അടുക്കൽ തിരിച്ചെത്തി. ഇതിനു പിന്നാലെയാണ് ഇയാൾ തന്നെ സ്വപ്നത്തിൽ ബലാത്‌സംഗം ചെയ്യാൻ ശ്രമിക്കുന്നതെന്ന് യുവതി പറയുന്നു. മരിച്ചു പോയ തന്റെ മകൻ വന്ന് ആദ്യദിവസത്തെ ശ്രമം തടഞ്ഞതിനാൽ താൻ അന്ന് രക്ഷപെട്ടതായും ഇവർ പരാതിയിൽ പറയുന്നു. എന്നാൽ പിന്നീട് തന്റെ സ്വപ്നങ്ങളിൽ മന്ത്രവാദി തുടരെ തുടരെ പ്രത്യക്ഷപ്പെടുകയാണെന്നും തന്നെ ആവർത്തിച്ച് ബലാത്‌സംഗം ചെയ്യുന്നുവെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

രേഖാമൂലം പരാതി ലഭിച്ചതോടെ പൊലീസ് നടപടിയെടുക്കാൻ നിർബന്ധിതരായി. തുടർന്ന് മന്ത്രവാദിയെ സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. ഒടുവിൽ തെളിവുകളുടെ അഭാവത്തിൽ അദ്ദേഹത്തെ വെറുതെ വിട്ടതായി പൊലീസ് അറിയിച്ചു. ‘സ്ത്രീ ശരിയായ മാനസിക നിലയിൽ അല്ലെന്നാണ് തോന്നുന്നത്. പൊലീസ് ഉദ്യോഗസ്ഥർ ബന്ധുക്കളുമായി ബന്ധപെടുകയൂം അവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്കായി പ്രവേശിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുകയൂം ചെയ്തിട്ടുണ്ട്.’ ഔറംഗബാദ് ഡെപ്യുട്ടി പൊലീസ് സൂപ്രണ്ട് ലളിത് നാരായണൻ മാധ്യമങ്ങളോട് പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *