മന്ത്രിയെ പ്രൊഫസറാക്കാന്‍ നൽകേണ്ടത് 10 കോടി രൂപ; കെ സുധാകരന്‍

മന്ത്രിയെ പ്രൊഫസറാക്കാന്‍ നൽകേണ്ടത് 10 കോടി രൂപ; കെ സുധാകരന്‍

ഒരു മന്ത്രിക്ക് പ്രൊഫസര്‍ പദവി നൽകാന്‍ കേരളം നൽകേണ്ടത് 10 കോടി രൂപയാണെന്നും പിണറായി സര്‍ക്കാരിനു മാത്രമേ ഇത്തരം ഭ്രാന്തന്‍ നടപടി സ്വീകരിക്കാനാകുവെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു. മന്ത്രി ആര്‍.ബിന്ദുവിന് പ്രൊഫസര്‍ പദവി നൽകാന്‍ യുജിസി ചട്ടങ്ങളും സര്‍ക്കാര്‍ ഉത്തരവുകളും ലംഘിച്ചു. കാലിക്കറ്റ് സര്‍വകലാശാല 2018നുശേഷം വിരമിച്ചവര്‍ക്ക് പ്രൊഫസര്‍ഷിപ്പ് നൽകാനുള്ള നടപടി അടിയന്തരമായി റദ്ദാക്കണം. ഈ സര്‍വകലാശാലയുടെ കീഴിലുള്ള കോളേജില്‍ അധ്യാപികയായിരുന്ന ബിന്ദു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സ്വയം വിരമിച്ചിരുന്നു. കാലിക്കറ്റ് സര്‍വകലാശാലയ്ക്കു പിന്നാലെ ഇപ്പോള്‍ മറ്റു സര്‍വകലാശാലകളിലും 2018നുശേഷം വിരമിച്ചവര്‍ക്ക് ഈ ആനുകൂല്യം ലഭ്യമാക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്. ഇതനുസരിച്ച് 200 ഓളം അധ്യാപകര്‍ക്ക് 5 ലക്ഷം രൂപ വച്ച് ശമ്പളകുടിശിക നൽകുമ്പോള്‍ സര്‍ക്കാരിന് 10 കോടി രൂപയുടെ ബാധ്യത ഉണ്ടാകും. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത് തികച്ചും അധാര്‍മികവും നിയമവിരുദ്ധവുമാണെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രൊഫസര്‍ പദവി പേരിനൊപ്പം ചേര്‍ത്ത് മന്ത്രി ബിന്ദു പ്രചാരണം നടത്തിയതും, ബാലറ്റ് പേപ്പറില്‍ പ്രൊഫസര്‍ എന്ന് രേഖപ്പെടുത്തിയതും ചോദ്യം ചെയ്ത് യുഡിഎഫിലെ എതിര്‍ സ്ഥാനാര്‍ത്ഥി തോമസ് ഉണ്ണിയാടന്‍ ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തിട്ടുള്ള ഹര്‍ജി ദുര്‍ബലപ്പെടുത്താനാണ് കാലിക്കറ്റ് സര്‍വകലാശാല, വിരമിച്ച മന്ത്രി ഉള്‍പ്പടെയുള്ള കോളേജ് അധ്യാപകര്‍ക്ക് പ്രൊഫസര്‍ പദവി നല്‍കുവാന്‍ യുജിസി ചട്ടങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും സുധാകരൻ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *