160 വർഷങ്ങൾക്കു ശേഷം ദ്വീപ് തിരിച്ചുപിടിച്ച് പാസാമക്വോഡി ഗോത്രം

അമേരിക്കൻ ഐക്യനാടുകളിലെ തദ്ദേശവാസികൾക്ക് 1776 മുതൽ ഏകദേശം 1.5 ബില്യൺ ഏക്കർ ഭൂമി നഷ്ടപ്പെട്ടിരുന്നു. പക്ഷേ, അവരില്‍ ഒരു ഗോത്രവർഗ്ഗക്കാർക്ക് അവരുടെ ഭൂമിയിൽ കുറച്ച് കഴിഞ്ഞ ദിവസം തിരികെ ലഭിച്ചു. 10,000 വർഷത്തോളം അവരുടെ ആളുകൾ താമസിച്ചിരുന്ന മൈനിലെ പൈൻ ദ്വീപ് തിരികെ വാങ്ങിയിരിക്കുകയാണ് ഇപ്പോൾ പാസാമക്വോഡി ജനത.

‘ഈ ഭൂമി ഞങ്ങളിൽ നിന്ന് മോഷ്ടിക്കപ്പെട്ടതാണ്. അത് തിരികെ വാങ്ങിക്കുക എന്നത് എല്ലാ മുഖ്യന്മാരുടെയും ലക്ഷ്യമായിരുന്നു.’ ഗോത്രത്തലവനായ വില്യം നിക്കോളാസ് പറഞ്ഞു. യൂറോപ്യൻ കുടിയേറ്റക്കാർ വൈറ്റ്സ് ഐലന്റ് എന്ന് വിളിക്കുന്ന, പാസാമക്വോഡി ജനത കുവേസുവി മോനിഹ്ക് അല്ലെങ്കിൽ പൈൻ ദ്വീപ് എന്ന് വിളിക്കാറുള്ള ദ്വീപ് പാസാമക്വോഡി റിസർവേഷന് സമീപമുള്ള ബിഗ് തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്. ഭൂമി തിരിച്ചുപിടിക്കാൻ ഇവർ പണ്ടുമുതലേ ശ്രമിച്ചിരുന്നു. എന്നാൽ ദ്വീപ് വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു എന്ന പരസ്യമാണ് നിക്കോളാസിനെ ദ്വീപ് തിരികെ നേടാൻ സഹായിച്ചത്.

പ്രൈവറ്റ് ഐലെൻഡ്‌സ് ഓൺലൈൻ ഡോട്ട് കോം എന്ന വെബ്സൈറ്റിലാണ് ദ്വീപ് വിൽപ്പനക്ക് വെച്ചിരുന്നത്. ‘ഇത് ഒരു അദ്വിതീയ സ്വത്താണ്. ചരിത്രത്തിൽ ഇടമുള്ളത്. കഴിഞ്ഞ 95 വർഷത്തിനിടയിൽ രണ്ട് ഉടമകൾ മാത്രമുള്ളത്.’ വെബ്സൈറ്റിൽ പറയുന്നു. വാസ്തവത്തിൽ, ദ്വീപിന് ഒരു മുൻ ഉടമ ഉണ്ടായിരുന്നു – പാസാമക്വോഡി ഗോത്രം ; പൈൻ ദ്വീപിൽ കുറഞ്ഞത് 10,000 വർഷമെങ്കിലും, അതായത് 1860 വരെയെങ്കിലും താമസിച്ചിരുന്നവർ.

ദ്വീപ് വാങ്ങാൻ തീരുമാനിച്ച നിക്കോളാസ് ഫസ്റ്റ് ലൈറ്റിന്റെ സഹായം തേടി. നഷ്ടപ്പെട്ട ഭൂമി തിരിച്ചുപിടിക്കാൻ മെയ്നിലുള്ള ഗോത്രങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒരു സംരക്ഷണ കൂട്ടായ്മയാണ് ഫസ്റ്റ് ലൈറ്റ്. അവരുടെ സഹായത്തോടെ ഗോത്രം 3,55,000 ഡോളർ സ്വരൂപിച്ച് ദ്വീപ് തിരിച്ചുവാങ്ങി. ‘ഇത് നഷ്ടപ്പെട്ട ഒരു ബന്ധുവിനെ കണ്ടെത്തുന്നതിന് തുല്യമാണ്.’ ഗോത്രത്തിന്റെ ചരിത്ര സംരക്ഷണ ഉദ്യോഗസ്ഥനായ ഡൊണാൾഡ് സോക്റ്റോമ പറഞ്ഞു. ‘ഭൂമി അവരിൽ നിന്നും മോഷ്ടിക്കപ്പെട്ടിരുന്നില്ലെങ്കിൽ, അവർക്ക് അത് തിരികെ വാങ്ങേണ്ടി വരുമായിരുന്നില്ല.’ ഫസ്റ്റ് ലൈറ്റ് അംഗം പീറ്റർ ഫോർബ്സ് സൂചിപ്പിച്ചു.

പൈൻ ദ്വീപിന്റെ മോഷണത്തിന്റെ കഥ 1794 മുതലുള്ളതാണ്. വിപ്ലവ യുദ്ധത്തിൽ അമേരിക്കൻ കോളനിക്കാരെ പാസാമക്വോഡി പിന്തുണച്ചതിനുശേഷം, കോളനിക്കാർ ദ്വീപിനെ ഔദ്യോഗിക ഗോത്രപ്രദേശമായി പ്രഖ്യാപിച്ചു. വിപ്ലവ യുദ്ധത്തിൽ വിജയം നേടുന്നതിൽ പാസാമക്വോഡിയുടെ പങ്ക് തിരിച്ചറിഞ്ഞ ജോർജ്ജ് വാഷിംഗ്ടൺ 1776ൽ ചീഫ് നെപ്റ്റ്യൂണിന് ഒരു കത്തെഴുതി. അങ്ങനെ കോളനിക്കാര്‍ പാസാമക്വോഡിക്ക് നന്ദി അറിയിക്കുകയും ഒരു ‘സൗഹൃദ പ്രതിജ്ഞ’ പ്രഖ്യാപിക്കുകയും ചെയ്തുവെന്ന് പാസാമക്വോഡി ഗോത്ര ചരിത്രം പറയുന്നു.

എന്നാൽ 1820ൽ മെയ്ൻ ഒരു സംസ്ഥാനം ആയതോടെ അമേരിക്കക്കാർ മുമ്പത്തെ ഉടമ്പടി റദ്ദാക്കുകയും ദ്വീപിനെ സ്വന്തമാക്കുകയും ചെയ്തു. ഗോത്രക്കാർ ദ്വീപിൽ സാന്നിധ്യം നിലനിർത്താൻ ശ്രമിച്ചെങ്കിലും കുടിയേറ്റക്കാർ അവരെ തടഞ്ഞു. അവർ വിളവെടുത്ത ക്രാൻബെറി നൽകാൻ പാസാമക്വോഡി ജനത വിസമ്മതിച്ചതിനെ തുടർന്ന് ഒരാൾ ദ്വീപിനു തീയിട്ടു. വസൂരി പോലുള്ള രോഗങ്ങൾ നിരന്തരമായി അതിജീവിച്ചാണ് ഗോത്രം നിലനിന്നിരുന്നത്. ശേഷം മെയ്ൻ സംസ്ഥാനം അനധികൃതമായി ദ്വീപ് വിൽക്കുകയും 1850കളിൽ ഉദ്യോഗസ്ഥർ ദ്വീപിന്റെ പേര് ‘വൈറ്റ്സ് ഐലന്റ്’ എന്ന് മാറ്റുകയും ചെയ്തു.

പാസാമക്വോഡിയെ സംബന്ധിച്ചിടത്തോളം, പൈൻ ദ്വീപിന്റെ തിരിച്ചുവരവ് ഒരു സാമ്പത്തിക ഇടപാടിനെക്കാൾ വളരെ വലുതും ആഴത്തില്‍ ഉള്ളതുമാണ്. ‘ഭൂമിയുടെ ഉടമസ്ഥാവകാശം ആരും സ്വന്തമാക്കിയിട്ടില്ല എന്നതാണ് ഞങ്ങളുടെ ആശയം. അത് സംരക്ഷിക്കേണ്ടത് ഞങ്ങളുടെ പവിത്രമായ കടമയാണ്.’ സോക്റ്റോമ അഭിപ്രായപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *