23കാരനായ പൊലീസ് ഉദ്യോഗസ്ഥന്റെ ചിന്താവേഗതയിൽ രക്ഷപെട്ടത് മൂന്നാഴ്ച പ്രായമുള്ള കുഞ്ഞ്

അപകടങ്ങൾ എപ്പോൾ എവിടെ വേണമെങ്കിലും സംഭവിക്കാം. എന്നാൽ അപകടത്തെ എങ്ങനെ പെട്ടെന്ന് നേരിടാം എന്ന കഴിവ് എല്ലാവർക്കും ഒരുപോലെ ഉണ്ടായെന്ന് വരില്ല. എന്നാൽ അത്തരം ഒരു അപകടത്തെ തന്റെ ദ്രുതഗതിയിലുള്ള പ്രവർത്തനത്തിലൂടെ പരിഹരിച്ചിരിക്കുകയാണ് യുഎസിലെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ. മൂന്നാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഈ 23കാരനായ കോഡി ഹബാർഡ് എന്ന പൊലീസ് ഉദ്യോഗസ്ഥൻ രക്ഷിച്ചത്.

മുന്നാഴ്ച പ്രായമുള്ള കുഞ്ഞിന് ആന്റി ഗ്യാസിനുള്ള മരുന്ന് നൽകുന്നതിനിടയിൽ ആദ്യം കുഞ്ഞ് ശ്വാസം മുട്ടുന്നതായി പ്രകടിപ്പിക്കുകയും പിന്നീട് കുഞ്ഞിന്റെ ശരീരം പർപ്പിൾ നിറമാവുകയും ചെയ്തു. എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്ന മാതാപിതാക്കള്‍ പെട്ടെന്ന് തന്നെ പൊട്ട്സ് വില്ലെ പൊലീസ് ഡിപ്പാർട്ട്മെന്റില്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. പെട്ടെന്നു തന്നെ എത്തിയ റെസ്ക്യൂ ടീം അംഗം കൂടിയായ ഹബാർഡ് കുഞ്ഞിന്റെ ജീവൻ രക്ഷിക്കാനുള്ള രക്ഷാപ്രവർത്തനം ആരംഭിച്ചു. കുഞ്ഞിനെ പ്രത്യേക രീതിയിൽ കിടത്തി കഴിച്ച മരുന്ന് പുറത്തെടുത്തതിന് ശേഷമാണ് കുഞ്ഞ് സാധാരണ നിലയിലേക്ക് എത്തിയത്.

തങ്ങൾ എല്ലാം പരീക്ഷിച്ചുവെന്നും, എന്നാല്‍ ഒന്നും തന്നെ ഫലം കണ്ടില്ലെന്നും, ഹബാർഡിന്റെ പ്രവർത്തനം കണ്ടപ്പോൾ തന്നെ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയാമെന്ന്‌ മനസിലായി എന്നുമാണ് കുഞ്ഞിന്റെ മാതാപിതാക്കളായ ജോയും ക്യാറ്റലിനും പറഞ്ഞത്. കൂടാതെ കുഞ്ഞിന്റെ ജീവൻ തിരിച്ചു ലഭിക്കാൻ കാരണമായ ഹബാർഡിനോട്‌ ഒരുപാട് നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

തന്റെ സഹോദരിക്കും സമാനമായ സാഹചര്യം നേരിട്ടിട്ടുണ്ടെന്നും, അങ്ങനെ ഈ അവസ്ഥ പരിചിതമുള്ളത്തിനാലാണ് പെട്ടന്ന് തന്നെ കുഞ്ഞിനെ രക്ഷിക്കാനായതെന്നും, അതിൽ തനിക്ക് വളരെ സന്തോഷമുണ്ടെന്നും ഹബാർഡ് അഭിപ്രായപെട്ടു.

ഉദ്യോഗസ്ഥന്റെ ബോഡി ക്യാമറയിൽ റെക്കോർഡ് ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതിനു ശേഷം നിരവധി പേരാണ് ഈ 23കാരന്റെ സേവനത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Comments: 0

Your email address will not be published. Required fields are marked with *