2500 ബോണ്‍സായ് കൊണ്ട് ടെറസ്സില്‍ ഒരു ‘കുട്ടിവനം’

ബോൺസായ് കൊണ്ടൊരു വനമുണ്ടാക്കാമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള സോഹൻ ലാൽ ദ്വിവേദി. 40ഓളം വ്യത്യസ്ത ഇനങ്ങളിൽ പെട്ട 2,500ലധികം ബോൺസായ്കൾ കൊണ്ടാണ് വീടിന്റെ ടെറസിൽ അദ്ദേഹം ഒരു ചെറിയ വനം തന്നെ സൃഷ്ടിച്ചിരിക്കുന്നത്.

സംസ്ഥാന വൈദ്യുതി ബോർഡിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് സോഹൻ ലാൽ ദ്വിവേദി. 250ഓളം ബോൺസായ് മരങ്ങൾ വളർത്തുന്ന ഒരു മുംബൈ നിവാസിയാണ് ദ്വിവേദിക്ക് പ്രചോദനമായത്. ദ്വിവേദി ഒരു പത്ര ലേഖനത്തിൽ അവരെക്കുറിച്ച് വായിക്കുകയും സമാനമായ എന്തെങ്കിലും ചെയ്യാൻ തീരുമാനിക്കുകയും ചെയ്യുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

‘ഏകദേശം 40 വർഷങ്ങൾക്ക് മുന്‍പ്, മുംബൈയിൽ 250 ബോൺസായ് മരങ്ങൾ വളർത്തിയ ഒരു സ്ത്രീയെക്കുറിച്ച് ഞാൻ പത്രത്തിൽ ഒരു ലേഖനം വായിച്ചു. അവരുടെ പ്രവൃത്തിയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഞാനും ഇത് ആരംഭിച്ചത്. ഇപ്പോൾ എന്റെ വീട്ടിൽ 2500ലധികം ബോൺസായ് ഉണ്ട്,” സോഹൻ ലാൽ ദ്വിവേദി പറഞ്ഞു.

വലിയ മരങ്ങളോട് സാദൃശ്യമുള്ള പൂർണ്ണ രൂപത്തിലുള്ള ചെറിയ വൃക്ഷങ്ങളാണ് ബോൺസായ്. സൗന്ദര്യാത്മക ഗുണങ്ങളാൽ ഇവ ഏറെ പ്രശംസിക്കപ്പെടാറുണ്ട്. ആപ്പിൾ, ജാമുൻ, പെയർ, പുളി തുടങ്ങിയ 40ൽ പരം വ്യത്യസ്ത തരം ബോണ്‍സായ് സസ്യങ്ങളുണ്ട് ദ്വിവേദിയുടെ വനത്തിൽ.

‘ഞാൻ മധ്യപ്രദേശ് ഇലക്ട്രിസിറ്റി ബോർഡിൽ ജോലി ചെയ്തിരുന്നു. എന്റെ ശമ്പളം ഈ സസ്യങ്ങളിലാണ് ഞാന്‍ ചിലവഴിച്ചത്. മരങ്ങളിൽ നിന്നും പ്രകൃതിയിൽ നിന്നും അകലം പാലിക്കാൻ ആളുകൾ ആഗ്രഹിക്കുന്ന ഈ സമയത്ത്, പച്ചപ്പ് നിറഞ്ഞ എന്റെ ടെറസിൽ ഞാൻ ധാരാളം സമയം ചിലവഴിക്കുന്നു.’ സോഹൻ ലാൽ ദ്വിവേദി പറഞ്ഞു. ‘കഴിഞ്ഞ വർഷം എന്റെ സമയം മുഴുവൻ വീട്ടിൽ ചെടികളെ പരിപാലിക്കുന്നതിനായി ചിലവഴിക്കുകയായിരുന്നു. അതുകൊണ്ടു തന്നെ ലോക്ക്ഡൗണിനെ ഞാൻ ശ്രദ്ധിച്ചതേയില്ല. ബോൺസായ്കൾ പരിസ്ഥിതിയെ സഹായിക്കുകയും വായു ശുദ്ധമായി നിലനിർത്തുകയും ചെയ്യുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *