മൂന്നര പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിൽ കിട്ടിയത് മൂന്ന് കൺമണികളെ; 55–ാം വയസ്സിൽഅമ്മയായി സിസി

മാതൃത്വം മഹാ ഭാഗ്യമാണ്. ഒരു കുഞ്ഞിക്കാല് കാണാനായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരാറുണ്ട് ചിലർക്ക്. അത്തരത്തിൽ മൂന്നര പതിറ്റാണ്ട് കാലം കാത്തിരുന്ന് മൂന്ന് കണ്മണികളെ കിട്ടിയ സന്തോഷത്തിലാണ് ഈ ദമ്പതിമാർ. 55–ാം വയസ്സിലാണ് മൂന്ന് കൺമണികൾക്ക് സിസി ജോർജ് ജന്മം നൽകിയത്. ഒരു പെണ്ണും രണ്ട് ആണും.

കഴിഞ്ഞ വർഷം ജൂണിൽ നിർത്താതെയുള്ള രക്തസ്രാവം മൂലം ഗർഭപാത്രം നീക്കം ചെയ്യാൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിയതാണ് ഇവർ. അവിടത്തെ ഡോക്ടറുടെ നിർദേശ പ്രകാരം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ എത്തി. ഡോ. സബൈൻ ശിവദാസിന്റെ നേതൃത്വത്തിൽ ചികിത്സ നടത്തി. ഇപ്പോൾ മൂന്ന് കുട്ടികളും അമ്മയോടൊപ്പം സുഖമായിരിക്കുന്നു.

ജൂലൈ 22 നാണ് ഇരിങ്ങാലക്കുട കാട്ടൂർ കുറ്റിക്കാടൻ വീട്ടിൽ ജോർജ് ആന്റണിക്കും ഭാര്യ സിസിക്കും കുട്ടികൾ പിറന്നത്. വിവാഹം കഴിഞ്ഞ് രണ്ടാം വർഷം മുതൽ ആരംഭിച്ചതാണ് കുട്ടികൾക്കായുള്ള കാത്തിരിപ്പും ചികിത്സകൾ. ഗൾഫിലും നാട്ടിലും ചികിത്സകൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല. “കഴിഞ്ഞ 35 വര്‍ഷമായി ഞങ്ങള്‍ കുട്ടികള്‍ക്കായി പ്രാര്‍ത്ഥിക്കുകയാണ്.

ഇപ്പോള്‍ ദൈവം ഞങ്ങള്‍ക്ക് മൂന്ന് കുഞ്ഞുങ്ങളെ തന്നു. അമ്മ ആയാല്‍ മാത്രമേ സ്ത്രീകളുടെ ജീവിതം പൂര്‍ണ്ണമാകൂ എന്ന് ചിന്തിക്കുന്ന സമൂഹത്തിന്റെ ഭാഗമായിരിക്കാന്‍ ബുദ്ധിമുട്ടാണ്. ഒരു കുഞ്ഞിനെ പ്രസവിക്കാന്‍ കഴിയാത്തവര്‍ കടന്നുപോകുന്ന ദുഃഖം അത് അനുഭവിക്കുന്നവര്‍ക്ക് മാത്രമേ മനസ്സിലാകൂ. ഇപ്പോള്‍ ഞങ്ങള്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം അനുഭവിക്കുകയാണെന്ന് സിസി പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *