70 ശതമാനം കേടുകൂടാത്ത ദിനോസറിന്റെ അസ്ഥികൂടം ചൈനയില്‍ കണ്ടെത്തി

ജുറാസിക്ക് കാലഘട്ടത്തിൽ ഉണ്ടായിരുന്ന 8 മീറ്ററോളം നീളമുള്ള ദിനോസറിന്റെ അസ്ഥികൂടം തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗവേഷകർ കണ്ടെത്തി. 70 ശതമാനം കേടുപാടുകൾ കൂടാത്ത അസ്ഥികൂടത്തിന് 180 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ലുഫെംഗ് നഗരത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്.

പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യതയുള്ളതിനാൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിനോസർ ഫോസിൽ കൺസർവേഷൻ ആന്റ് റിസർച്ച് സെന്ററിലെ ഉദ്യോഗസ്ഥർ അവശേഷിക്കുന്ന അസ്ഥികൾക്ക് കേടുപാടുകൾ സംഭവിക്കാതിരിക്കാൻ അടിയന്തര ഉത്ഖനനങ്ങൾ ആരംഭിച്ചു.

ലുഫെൻഗോസൊറസ് കണ്ടെത്തുന്നത് വളരെ അപൂർവ്വമാണെന്നും ഈ കണ്ടെടുക്കല്‍ ഒരു ‘ദേശീയ നിധി’ ആണെന്നും ലുഫെങ് സിറ്റിയിലെ ദിനോസർ ഫോസിൽ കൺസർവേഷൻ ആന്റ് റിസർച്ച് സെന്റർ മേധാവി വാങ് ടാവോ പറഞ്ഞു. ‘ഇത്തരമൊരു സമ്പൂർണ്ണ ദിനോസർ ഫോസിൽ ലോകത്തിലെ തന്നെ അപൂർവ്വമായ കണ്ടെത്തലുകളില്‍ ഒന്നാണ്. കണ്ടെത്തിയ ഫോസിലിനെ അടിസ്ഥാനമാക്കി, അതിന്റെ വാൽ, തുട എല്ലുകൾ എന്നിവയുടെ പഴക്കം നിർണയിക്കുമ്പോൾ, ആദ്യകാല ജുറാസിക്ക് കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഒരു തരം ഭീമൻ ലുഫെൻഗോസൊറസാണ് ഇത് എന്ന് ഞങ്ങൾ കരുതുന്നു.’ അദ്ദേഹം പറഞ്ഞു.

ജുറാസിക്ക് കാലഘട്ടത്തിന്റെ തുടക്കത്തിൽ ജീവിച്ചിരുന്ന മാസ്സോസ്പോണ്ടിലൈഡ് ദിനോസറുകളുടെ ഒരു ജനുസ്സാണ് ലുഫെൻഗോസൊറസ്. ലുഫെൻഗോസൊറസ് ഫോസിലിന്റെ വാരിയെല്ലിൽ 195 ദശലക്ഷം വർഷം പഴക്കമുള്ള കൊളാജൻ പ്രോട്ടീൻ 2017ൽ ശാസ്ത്രജ്ഞർ കണ്ടെത്തിയപ്പോൾ മുതൽ ഈ ജനുസ്സ് ഏവരുടെയും ശ്രദ്ധാകേന്ദ്രമാണ്.

ഈ വർഷം ചൈനയിൽ കണ്ടെത്തിയ ആദ്യത്തെ ഫോസിലല്ല ഇത്. ജനുവരിയിൽ 120 ദശലക്ഷം വർഷം പഴക്കമുള്ള വുലോംഗ് ബോഹൈൻ‌സിസ് അല്ലെങ്കിൽ ‘ഡാൻസിംഗ് ഡ്രാഗൺ’ എന്ന് അറിയപ്പെടുന്ന ദിനോസറിന്റെ അസ്ഥി ഇവിടെ നിന്നും ലഭിച്ചിരുന്നു. ദിനോസറുകളും ആധുനിക പക്ഷികളും തമ്മിലുള്ള അന്തരം കുറയ്ക്കാൻ ഈ ഫോസിൽ ഗവേഷകരെയും ശാസ്ത്രജ്ഞരെയും സഹായിക്കും.

Comments: 0

Your email address will not be published. Required fields are marked with *