8ന്റെ ആകൃതിയില്‍ ഒരു നീന്തല്‍ക്കുളം ; ഇത് പ്രകൃതിയുടെ വിസ്മയ സൃഷ്ടി

കാഴ്ചയിൽ അതിശയം ഉണര്‍ത്തുന്ന നിരവധി തടാകങ്ങൾ പ്രകൃതി സമ്മാനിക്കാറുണ്ട്. അങ്ങനെ ഒരു വിസ്മയമാണ് ഫിഗർ എയ്റ്റ് പൂള്‍. ഇത് ഒരു പ്രകൃതിദത്ത നീന്തൽ കുളമാണ്. എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലുള്ള ഈ നീന്തൽ കുളം ആരെയും അത്ഭുതപ്പെടുത്തും. ലോകമെമ്പാടുമുള്ള നിരവധി സഞ്ചാരികളാണ് ഈ പ്രകൃതിദത്ത നീന്തൽക്കുളം തേടിയെത്തുന്നത്.

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും പ്രാചീന ദേശീയ ഉദ്യാനമായ സിഡ്‌നിയിലെ റോയൽ നാഷണൽ പാർക്കിലാണ് ഈ മനോഹരകാഴ്ച. റോയൽ നാഷണൽ പാർക്കിലെ ബേണിംഗ് പാംസ് ബീച്ചിനരികിലാണ് ഫിഗർ എയ്റ്റ് പൂള്‍ സ്ഥിതി ചെയ്യുന്നത്. ഈ സ്വിമ്മിങ് പൂള്‍ ശക്തമായ തിരമാലകളാൽ രൂപപ്പെട്ടതാണ്. മനുഷ്യൻ കൊത്തിയെടുത്തതു പോലെയുള്ള ഈ നീന്തൽക്കുളം പ്രകൃതിയുടെ ഒരു ഉദാത്തമായ സൃഷ്ടിയാണ്.

രണ്ടു പേർക്ക് സുഖമായി ഇതിനുള്ളിൽ ഇറങ്ങാനാകും. നീണ്ടു കിടക്കുന്ന കടൽത്തീര പാറക്കൂട്ടങ്ങളിൽ പലയിടത്തും ഇത്തരം എട്ട് ആകൃതിയിലുള്ള പൂളുകള്‍ കാണപ്പെടാറുണ്ട്. ചിലത് ആഴമേറിയത് ആണെങ്കില്‍ മറ്റുള്ളവ വലുപ്പത്തിൽ ചെറുതായിരിക്കും. ഇവിടെയുള്ള മറ്റൊരു പ്രത്യേകത ഇപ്പോഴും ഇത്തരം കുളങ്ങൾ പ്രകൃതിദത്തമായി കാണപ്പെടാറുണ്ട് എന്നതാണ്.

മൂന്ന് മീറ്ററോളം നീളവും 3 മീറ്റർ ആഴവുമുള്ള ബിഗ് പൂൾ എട്ട് എന്ന അക്കത്തിന്റെ ആകൃതിയിലാണ്. 2 മണിക്കൂറുകളോളം നീണ്ടു നിൽക്കുന്ന ട്രക്കിങ്ങിലൂടെ വേണം ഇവിടെ എത്തിച്ചേരാൻ. വേലിയേറ്റമില്ലാത്ത സമയങ്ങളിൽ മാത്രമേ ഈ കുളങ്ങളിൽ ഇറങ്ങാൻ സാധിക്കുകയുള്ളൂ. അല്ലാത്തപക്ഷം ശക്തമായ തിരമാലകൾ ഏത് സമയവും പാറക്കൂട്ടങ്ങളില്‍ വന്ന് അലയടിച്ചുകൊണ്ടിരിക്കും. നല്ല സൂര്യപ്രകാശമുള്ള ദിവസങ്ങളിൽ മരതക പച്ച നിറമാർന്ന ഈ കുളങ്ങൾ കൂടുതൽ മനോഹരമായി കാണപ്പെടാറുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *