Flash News
സ്ത്രീകൾക്കായി അടുക്കളയ്ക്ക് അപ്പുറം ഒരു ലോകം

സ്ത്രീകൾക്കായി അടുക്കളയ്ക്ക് അപ്പുറം ഒരു ലോകം

സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടുന്ന ഒരു രീതി പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഇതിൽ നിന്നും വത്യസ്തമാണ്. ഇന്നത്തെക്കാലത്ത് സ്ത്രീകൾ മാത്രം ഒരുമിച്ചുള്ള യാത്രകൾ പുതിയ കാര്യമല്ല. ഒറ്റയ്ക്കും കൂട്ടായുമൊക്കെ ലോകമെമ്പാടും ഇന്നു സ്ത്രീകൾ യാത്ര ചെയ്യുന്നു. എന്നാൽ, സ്ത്രീയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ അത്ര സാധാരണമല്ല. കേരള ടൂറിസം അത്തരമൊരു യാത്രയ്ക്ക് തുടക്കമിടുകയാണ്.

ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ കേരളത്തിലെ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ സ്ഥലങ്ങളിലേക്ക് സ്ത്രീകൾ ഇരുചക്രവാഹനങ്ങൾ ഓടിച്ചുകയറുകയാണ്. ഇത്രയുമൊക്കെ മാറ്റമുണ്ടായിട്ടും പുറത്തിറങ്ങാ‍ൻ മടിക്കുന്ന സ്ത്രീകളെയും യാത്രകൾ ചെയ്യാൻ അവസരം ലഭിക്കാത്തവരെയും പുതിയ പദ്ധതി ലക്ഷ്യമിടുന്നു. കേരളത്തിന്റെ സൗന്ദര്യം ആവോളം നുകരാൻ ടൂറിസം വകുപ്പ് സ്ത്രീകളെയും മാടിവിളിക്കുന്നു.

ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മണ്ഡലമായ കോഴിക്കോട് ബേപ്പൂരിലാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്നത്. കോഴിക്കോട് ആസ്ഥാനമായ വേൾഡ് ഓഫ് വുമൻ എന്ന സംഘടനയുമായി ചേർന്ന് മാർച്ച് 31ന് പദ്ധതിക്കു തുടക്കമിട്ടു.

സ്വതന്ത്ര യാത്രിക

സ്വതന്ത്ര യാത്രിക പദ്ധതി സംസ്ഥാനത്തുടനീളം വ്യാപിപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. രാജ്യത്ത് സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കാവുന്ന മികച്ച സംസ്ഥാനം കേരളമാണെന്നും ടൂറിസം വകുപ്പ് കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്നും മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പും വേൾഡ് ഓഫ് വുമണും ചേർന്നു സംഘടിപ്പിച്ച സ്വതന്ത്ര യാത്രിക ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു മന്ത്രി. കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടുത്തുന്ന വാട്സാപ് വെർച്വൽ അസിസ്റ്റന്റ് ‘മായ’ മന്ത്രി പരിചയപ്പെടുത്തി. മേയർ ബീന ഫിലിപ് അധ്യക്ഷത വഹിച്ചു.

ബേപ്പൂർ മണ്ഡലത്തിലെ വിനോദ സഞ്ചാര മേഖലകളിലൂടെ സ്ത്രീകൾ നടത്തുന്ന ഇരുചക്ര വാഹന യാത്രയാണ് സ്വതന്ത്ര യാത്രിക. രാവിലെ ഗോതീശ്വരം ബീച്ചിൽ നിന്നാരംഭിച്ച യാത്രയിൽ മുപ്പതോളം പേർ പങ്കെടുത്തു.

രാജ്യത്തു തന്നെ ആദ്യമായാണ് സർക്കാർ പങ്കാളിത്തത്തോടെ സ്ത്രീകൾക്കു മാത്രമായി വിനോദയാത്ര പദ്ധതി നടപ്പാക്കുന്നതെന്നു ടൂറിസം വകുപ്പ് വിശദീകരിക്കുന്നു. പദ്ധതി വൈകാതെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. സ്ത്രീകൾ തനിച്ചു നടത്തുന്ന യാത്രകൾ ലോകവ്യാപകമായി ടൂറിസം രംഗത്തു പുതിയ പ്രവണതയാണെന്നും നമ്മുടെ നാട്ടിലെ സ്ത്രീകൾക്കു സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടും കൂടി യാത്ര ചെയ്യാനുള്ള സംവിധാനം ഒരുക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇത്തരത്തിൽ യാത്രയ്ക്കു പോകുന്ന സ്ത്രീകൾക്ക് സുരക്ഷിതമായ ഹോം സ്റ്റേ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ  Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *