പീഡനക്കേസ് പ്രതിക്ക് അവയവമാഫിയയുമായി ബന്ധം; യുവതിയുടെ വൃക്ക വില്‍ക്കാന്‍ ശ്രമം

ചാരിറ്റിപ്രവര്‍ത്തനങ്ങളുടെ മറവില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിലെ പ്രതിയായ ഷംസാദിനും സംഘത്തിനും അവയവ മാഫിയാ ബന്ധവുമുണ്ടെന്ന് പൊലീസ്. പീഡിപ്പിക്കപ്പെട്ട യുവതിയെ ഒരുമാസം മുന്‍പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് വൃക്ക വില്‍ക്കാന്‍ സംഘം ശ്രമിച്ചതായി അന്വേഷണസംഘം കണ്ടെത്തി. യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് ഡോക്ടര്‍ വ്യക്തമാക്കിയതോടെയാണ് സംഘത്തിന്റെ പദ്ധതി പൊളിഞ്ഞത്. അനില്‍ എന്ന വ്യക്തിയാണ് ഇടനിലക്കാരനായി നിന്നതെന്നും പൊലീസ് കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രികള്‍ കേന്ദ്രീകരിച്ച് നടക്കുന്ന അവയവ മാഫിയയുടെ ഭാഗമാണ് ഷംസാദും സംഘമെന്നും പൊലീസ് അറിയിച്ചു.

 

കഴിഞ്ഞആഴ്ചയാണ് സുല്‍ത്താന്‍ ബത്തേരി സ്വദേശിയായ ഷംസാദിനെ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത്. മകന് ചികിത്സാ സഹായം വാഗ്ദാനം ചെയ്താണ് ഇയാളും സുഹൃത്തുക്കളും വയനാട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തത്. സ്നേഹദാനം ചാരിറ്റബിള്‍ ട്രസ്റ്റിനെ മുന്‍നിര്‍ത്തിയാണ് ഇയാള്‍ സഹായവാഗ്ദാനങ്ങളുമായി യുവതിയെ സമീപിച്ചത്. യുവതിക്കും രോഗബാധിതനായ മകനുമൊപ്പം ഇയാള്‍ സഹായം ആവശ്യമുണ്ടെന്ന തരത്തില്‍ വീഡിയോ ചെയ്തിരുന്നു. ഇത് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് ഇവരെ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. മരിച്ചുപോകുമ്പോള്‍ ആരും ഒന്നും കൊണ്ടുപോവില്ല. ജീവിക്കുന്ന സമയം കൂടെപ്പിറപ്പുകള്‍ക്ക് വേണ്ടി കള്ളമില്ലാത്ത മനസോടെ സഹായിക്കാമെന്നും വീഡിയോയില്‍ ഷംസാദ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഹായം നല്‍കാമെന്ന് പറഞ്ഞ് എറണാകുളത്ത് എത്തിച്ച് യുവതിയെ ഷംസാദും സംഘവും പീഡിപ്പിച്ചത്. ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ബോധരഹിതയാക്കിയ ശേഷമായിരുന്നു പീഡനം.

 

 

Comments: 0

Your email address will not be published. Required fields are marked with *