അങ്ങനെ ഓസ്‌ട്രേലിയയിലും താരമായി ഇന്റര്‍നാഷ്ണല്‍ റേഞ്ചിലേക്ക് നമ്മുടെ അച്ചപ്പം

അച്ചപ്പം അഥവാ അച്ചുമുറുക്ക് ഒരുതവണയെങ്കിലും കഴിച്ചിട്ടില്ലാത്ത മലയാളികള്‍ ഒരുപക്ഷെ വിരളമായിരിക്കും. ഈ അച്ചപ്പം ആളത്ര നിസ്സാരക്കാരനല്ല. ഇന്റര്‍നാഷ്ണല്‍ റേഞ്ചുള്ള പലഹാരം എന്നുതന്നെ പറയാം. രാജ്യത്തിന്റെ അതിരുകള്‍ കടന്ന് അങ്ങ് ഓസ്‌ട്രേലിയയിലും താരമായി മാറിയിരിക്കുകയാണ് നമ്മുടെ അച്ചപ്പം.

മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയ എന്ന ലോകപ്രശസ്ത പാചകമത്സരത്തില്‍ ഇപ്പോള്‍ അച്ചപ്പം ഇടം നേടിയിരിക്കുകയാണ്. നമ്മള്‍ അച്ചപ്പം എന്നൊക്കെ വിളിക്കുമെങ്കിലും ഈ വിഭവത്തിന് അവര്‍ നല്‍കിയിരിക്കുന്ന പേര് ലോട്ടസ് ഫ്‌ളവര്‍ പോണ്ട് എന്നാണ്. അച്ചപ്പത്തോടൊപ്പം വാനില ഐസ്‌ക്രീമും മറ്റ് ഡെസേര്‍ട്ടുകളുമൊക്കെ ചേര്‍ത്തുവെച്ചാണ് മത്സരത്തിന്റെ ടേബിളില്‍ ഈ വിഭവം എത്തിയത്.

മത്സരാര്‍ത്ഥിയായ ലിന്‍ഡ ഡാല്‍റിംപിളാണ് മാസ്റ്റര്‍ ഷെഫ് ഓസ്‌ട്രേലിയയില്‍ ലോട്ടസ് ഫ്‌ളവര്‍ പോണ്ട് എന്ന ഈ വിഭവം ഉണ്ടാക്കിയത്. വിധികര്‍ത്താക്കളുടെ അഭിനന്ദനവും അവര്‍ ഏറ്റുവാങ്ങി.

നമ്മുടെ കേരളത്തില്‍ നാളുകളായി പ്രചാരത്തിലുള്ള പലഹാരമാണ് അച്ചപ്പം. എന്നാല്‍ അച്ചപ്പത്തിന്റെ ജന്മദേശം ഏതാണെന്ന് വ്യക്തമല്ല. സ്വീഡന്‍, ഇംഗ്ലണ്ട്, മെക്‌സിക്കോ എന്നിവിടങ്ങളിലൊക്കെ അച്ചപ്പത്തിന് സമാനമായ വിഭവങ്ങളുണ്ട്. പേരുകള്‍ വ്യത്യസ്തമാണെന്ന് മാത്രം.

Comments: 0

Your email address will not be published. Required fields are marked with *