എന്റെ ജീവിതം മാറ്റിയത് ഒരൊറ്റ അൽഫോൻസ് പുത്രൻ: അനുപമ പരമേശ്വരൻ

അനുപമ പരമേശ്വരൻ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേമത്തിലെ ചുരുളൻ മുടിക്കാരിയെയാണ് പ്രേക്ഷകർ ആദ്യം ഓർക്കുക. അനുപമയുടെ സി​ഗ്നേച്ചറായി മാറിക്കഴിഞ്ഞു ആ മുടി. എന്നാൽ ഒരുകാലത്ത് താൻ ഏറ്റവും വെറിത്തിരുന്നത് ഇന്ന് ഏറ്റവുമധികം പേർ അഭിനന്ദിക്കുന്ന ഇതേ മുടിയെ തന്നെയായിരുന്നെന്ന് പറയുകയാണ് അനുപമ. സമൂഹം തന്നെ വിശ്വസിപ്പിച്ച മുടിയെക്കുറിച്ചുള്ള കാഴ്ചപ്പാടാണ് അതിന് കാരണമെന്നും ആ വീക്ഷണം മാറ്റിയത് സംവിധായകൻ അൽഫോൻസ് പുത്രൻ ആണെന്നും അനുപമ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. കൗമാരത്തിൽ ഈ മുടി കാരണം അനുഭവിക്കേണ്ടിവന്ന കളിയാക്കലുകളെക്കുറിച്ചും തുറന്നെഴുതിയിരിക്കുകയാണ് നടി.

അനുപമയുടെ കുറിപ്പ്

​ഗുഡ് ഹെയർ ഡെയ്സ് V/S ബാഡ് ഹെയർ ഡെയ്സ്

സത്യസന്ധമായി പറയുകയാണെങ്കിൽ ബാഡ് ഹെയർ ഡേ എന്നൊന്നില്ല. ആളുകൾ എന്നോട്, മുടി മനോഹമാണെന്നും ഇത് ശരിക്കുമുള്ളതാണോ, ഈ മുടി വളരെ ഇഷ്ടമാണ് , എനിക്കും നിങ്ങളെപ്പോലെ ചുരുണ്ടമുടി ആയിരുന്നെങ്കിലെന്ന് ആ​ഗ്രഹിക്കാറുണ്ട് എന്നെല്ലാം പറയുമ്പോൾ എനിക്ക് ഓർമ്മവരുന്നത് മുടിയെ ഓർത്ത് അരക്ഷിതാവസ്ഥിയിലൂടെ കടന്നുപോയ ചുരുളൻ മുടിയുടെ പേരിൽ നിരന്തരം കളിയാക്കലുകൾ ഏറ്റുവാങ്ങിയിരുന്ന ഒരു ടീനേജ് പെൺകുട്ടിയെയാണ്.

എല്ലാ ദിവസവും രാവിലെ അമ്മയും അടുത്തേക്ക് ഓടും, പറ്റാവുന്നതിൽ ഏറ്റവും മുറുക്കെ മുടി പിന്നിക്കെട്ടി തരണമെന്നും പറഞ്ഞ്, കാരണം ക്ലാസിലെത്തുമ്പോൾ കൂട്ടുകാർ പേപ്പർ ബോളും പേനയുടെ അടപ്പും മിഠായിപ്പൊതിയും എന്തിന് ഉണക്കപ്പുല്ല് വരെ മുടിയിൽ തിരികികയറ്റുന്നതോർത്ത് അവൾക്ക് പേടിയായിരുന്നു.

വൈക്കോൽ കൂന, തേനീച്ചക്കൂട്, കാട് എന്നിങ്ങനെയുള്ള വിളികൾ ഒഴിവാക്കാൻ ഒരിക്കലും മുടി അഴിച്ചിടില്ലായിരുന്നു.
‌അവൾ അവളുടെ മുടിയെ വെറുത്തിരുന്നു, കാരണം സ്ട്രെയിറ്റ് മുടിയാണ് അഴകെന്നായിരുന്നു അവൾ കരുതിയിരുന്നത്. ശരിക്കും സമൂഹമാണ് അവളിൽ സ്ട്രെയിറ്റ് സിൽക്കി മുടിയാണ് നല്ലതെന്ന് വിശ്വസിപ്പിച്ചത്. അവർ പലപ്പോഴും മുടി നിവരാൻ അവൾക്ക് വിദ്യകൾ ഉപ​ദേശിച്ച് നൽകി.

അങ്ങനെ ഒരു ദിവസം അവളെ ഒരു ഓഡിഷന് വിളിച്ചു, സിനിമയുടെ ഓഡിഷൻ. അപ്പോൾ അവളുടെ ഉള്ളിലെ ഉൽകണ്‌ഠ 100ൽ ആയിരുന്നു, അവളുടെ കഴിവിൽ ആത്മവിശ്വാസം ഇല്ലാഞ്ഞിട്ടല്ല, മറിച്ച് “ഇംപെർഫെക്ട്“ മുടിയായിരുന്നു കാരണം. ഏഴ് വർഷങ്ങൾക്കിപ്പുറം, ഇന്ന് അവൾ അറിയപ്പെടുന്നത് നീണ്ട മനോഹരമായ അഴകാർന്ന ചുരുണ്ട മുടിയുടെ പേരിലാണ്. ഇതാണ് പ്രേമത്തിലെ ചുരുണ്ടമുടിക്കാരിയുടെ കഥ.

പിന്നോട്ട് നോക്കുമ്പോൾ എന്നെ ഞാനായിത്തന്നെ കണ്ട് അഭിനന്ദിച്ചിരുന്ന ആളുകൾ ഉണ്ടായിരുന്നെങ്കിൽ എന്ന് ആ​ഗ്രഹമുണ്ട്. എന്റെ ജീവിതം മാറ്റാനും എന്റെ ഭാ​ഗമായിരുന്ന ഞാൻ ഏറ്റവുമധികം വെറുത്തിരുന്ന ഒരുകാര്യത്തെ കുറിച്ചുള്ള വീക്ഷണം തീരുത്താനും ഒരൊറ്റ അൽഫോൻസ് പുത്രൻ മാത്രം മതിയായി. എന്റെ മുടി മനോഹരമാണെന്ന് എനിക്ക് ആദ്യമായി തോന്നിയത് പ്രേമത്തിൽ കണ്ടപ്പോഴാണ്, അൽഫോൻസേട്ടാ, നിങ്ങൾക്ക് നന്ദി പറഞ്ഞാൽ മതിയാകില്ല.

ഇത് മുടിയെക്കുറിച്ച് മാത്രമല്ല, ഇങ്ങനെയാണ് സമൂഹവും സൗന്ദര്യ മാനദണ്ഡങ്ങളും ഒരാളുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്നത്. “സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ്” എന്ന് പറയുന്നത് പോലെ, അതേ അത് കാഴ്ചപ്പാട് മാത്രമാണ്. സെൽഫ് ലവ്, സെൽഫ് അക്സെപ്റ്റൻസ് എന്നീ രണ്ട് കാര്യങ്ങളിൽ ഞാൻ ശക്തമായി വിശ്വസിക്കുന്നു… നിങ്ങളും അങ്ങനെ ചെയ്യൂ, അതാണ് വിജയത്തിന്റെ താക്കോൽ.

Comments: 0

Your email address will not be published. Required fields are marked with *