കാര്‍ വാങ്ങാന്‍ പണത്തിനു പകരം കാര്‍ഷികവിള ; ടൊയോട്ടയുടെ പുതിയ സംവിധാനം ശ്രദ്ധേയമാകുന്നു

കറന്‍സി പ്രചാരത്തില്‍ വരുന്നതിനു മുന്‍പ് നമ്മുടെ പൂര്‍വ്വികര്‍, ആവശ്യ സാധനസാമഗ്രികള്‍ തമ്മില്‍ തമ്മില്‍ കൈമാറുന്ന പദ്ധതിയായ ബാര്‍ട്ടര്‍ സംവിധാനം പ്രയോജനപ്പെടുത്തിയിരുന്നു. എന്നാല്‍ ആധുനികതയുടെ കടന്നുവരവോടെ വ്യാപാരത്തിനു പുറമേ സാഹോദര്യവും പ്രോത്സാഹിപ്പിക്കുന്ന ഈ സംവിധാനം മണ്‍മറഞ്ഞുപോയി. ഇപ്പോള്‍ ബാര്‍ട്ടര്‍ സംവിധാനത്തിന് പുതിയ നിറങ്ങള്‍ ചാര്‍ത്തുകയാണ് നൂതനവും, മാനവികവുമായ പദ്ധതിയിലൂടെ അന്താരാഷ്ട്ര വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട.

ടൊയോട്ട പണത്തിനു പകരം വാഹനങ്ങള്‍ വില്‍ക്കാനായി കാര്‍ഷിക വിളകള്‍ ഇപ്പോള്‍ ആവശ്യപ്പെടുകയാണ്. ഓട്ടോ കാര്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് പ്രകാരം, ബ്രസീലില്‍ ആണ് കമ്പനി ‘ടൊയോട്ട ബാര്‍ട്ടര്‍’ എന്ന ഈ പുതിയ സംവിധാനം അവതരിപ്പിച്ചത്.

കമ്പനി ഇത്തരത്തിലുള്ള ഒരു വില്‍പ്പന രീതി അവതരിപ്പിച്ചിരിക്കുന്നത് കാര്‍ഷിക മേഖലയിലെ ഉപഭോക്താക്കളെ സഹായിക്കുന്നതിന്റെ ഭാഗമായാണ്. ബാര്‍ട്ടര്‍ സംവിധാനം വഴി ഉപഭോക്താക്കള്‍ക്ക് ടൊയോട്ട എസ്.ഡബ്ല്യു ഫോര്‍ (ഫോര്‍ച്യൂണര്‍), കൊറോള ക്രോസ് എസ്.യു.വി, ഹൈലക്സ് പിക്കപ്പ് ട്രക്ക് എന്നീ വാഹനങ്ങള്‍ സ്വന്തമാക്കാം എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പണത്തിനു പകരം വാഹനങ്ങള്‍ വാങ്ങുമ്പോള്‍ അതേ മൂല്യമുള്ള ഭക്ഷ്യവിളകള്‍ കൈമാറാന്‍ സാധിക്കും. കമ്പനി ഭക്ഷ്യവിളകളുടെ ഗുണമേന്മയും, വിപണി മൂല്യവും വിലയിരുത്തും. പദ്ധതി തുടക്കത്തില്‍ ബ്രസീലിലെ ഏതാനും സംസ്ഥാനങ്ങളില്‍ മാത്രമാണ് നടപ്പാക്കുന്നത്. കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പുതിയ സംവിധാനം വിജയകരമാകുന്ന പക്ഷം പദ്ധതി വ്യാപിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.

Comments: 0

Your email address will not be published. Required fields are marked with *