Flash News
കുട്ടിയോട് സ്വയം ഷോക്കടിപ്പിക്കാൻ നിർദേശം നൽകി അലക്സ!! വിവാദം

കുട്ടിയോട് സ്വയം ഷോക്കടിപ്പിക്കാൻ നിർദേശം നൽകി അലക്സ!! വിവാദം

സാങ്കേതികവിദ്യകൾ പലപ്പോഴും അപകടത്തിൽ കൊണ്ട് ചാടിക്കുന്ന സംഭവങ്ങൾ കേൾക്കാറുണ്ട്. പല ഓൺലൈൻ ചലഞ്ചുകളും അപകടത്തിലാണ് അവസാനിക്കാറും. ഇപ്പോഴിതാ അത്തരം ഒരു അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടിരിക്കുകയാണ് ഒരു പത്തു വയസുകാരി. ആമസോണിന്റെ ഇന്റലിജന്റ് അസിസ്റ്റന്റ് സംവിധാനമായ അലെക്‌സയാണ് ഇവിടെ വില്ലനായത്. 10 വയസുകാരിക്കു ചെയ്യുന്നതിനായി ഒരു ടാസ്‌ക് പറഞ്ഞു തരാന്‍ അലെക്‌സയോട് ആവശ്യപ്പെട്ടു.’പെന്നി ചലഞ്ച്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്ന ഈ അപകടകരമായ വെല്ലുവിളിയാണ് ടാസ്‌ക് എന്ന പേരില്‍ കുട്ടിയ്ക്ക് അലെക്‌സ നിര്‍ദേശിച്ചത്. ഒരു ഫോണ്‍ ചാര്‍ജര്‍ ഒരു പ്ലഗില്‍ പകുതിയോളം കയറ്റിയതിന് ശേഷം ഒരു നാണയം ഉപയോഗിച്ച് പുറത്തേക്ക് കാണുന്ന ചാര്‍ജറിന്റെ ലോഹമുനകളില്‍ വെക്കുക എന്ന നിര്‍ദേശമാണ് അലെക്‌സ നല്‍കിയത്. പെണ്‍കുട്ടിയുടെ മാതാവ് ക്രിസ്റ്റിന്‍ ലിവ്ദാല്‍ ട്വിറ്ററിലൂടെ തങ്ങളുടെ അനുഭവം പുറത്തുവിട്ടതോടെയാണ് സംഭവം ലോകമറിഞ്ഞത്. മകള്‍ക്കൊപ്പം അവര്‍ അടുത്തുണ്ടായിരുന്നതിനാല്‍ അപകടം ഒന്നും സംഭവിച്ചില്ല. സെര്‍ച്ച് റിസല്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ആമസോണ്‍ അലെക്‌സയുടെ പ്രതികരണങ്ങള്‍ മിക്കതും പ്രവര്‍ത്തിക്കുന്നത്. പെന്നി ചലഞ്ച് പോലുള്ളവ ഇന്റര്‍നെറ്റില്‍ വ്യാപകമായി യുവാക്കള്‍ തിരയുന്നതുകൊണ്ടാവാം ഈ ചലഞ്ചും അലെക്‌സയിലെത്തിയത്. ഇങ്ങനെ ഒരു പ്രശ്‌നം മറ്റാര്‍ക്കും ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ ആമസോണ്‍ പ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് അറിയിച്ചു. കൃത്യവും അര്‍ത്ഥവത്തും മൂല്യവുമുള്ള വിവരങ്ങള്‍ നല്‍കുന്നതിന് വേണ്ടിയാണ് അലെക്‌സ പ്രവര്‍ത്തിക്കുന്നതെന്നും ആമസോണ്‍ പറയുന്നു. പെന്നി ചലഞ്ചില്‍ പറയുന്നതിനനുസരിച്ച് ഫോണ്‍ ചാര്‍ജര്‍ പ്ലഗില്‍ പകുതി കുത്തിവെത്ത് പുറത്തേക്ക് കാണുന്ന ലോഹ മുനകള്‍ തമ്മില്‍ സ്പര്‍ശിക്കുന്ന വിധത്തില്‍ നാണയം വെച്ചാല്‍ വീട്ടിലെ മുഴുവന്‍ ഇലക്ട്രിക് നെറ്റ്വര്‍ക്കും തകരാറിലാവും വിധം പൊട്ടിത്തെറിയും തീപ്പിടിത്തവും വരെ ഉണ്ടാവാനിടയുണ്ട്. ഇത് ആളപായത്തിന് വരെ വഴിവെക്കാം.

Comments: 0

Your email address will not be published. Required fields are marked with *