'കൊവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ ബഹുജന സംഘടനകളും രംഗത്തിറങ്ങണം'; കോടിയേരി

‘കൊവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ ബഹുജന സംഘടനകളും രംഗത്തിറങ്ങണം’; കോടിയേരി

കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതം നേരിടുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും പ്രവർത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത് വരണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൊവിഡിൻ്റെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാൽ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ തദ്ദേശ ഭരണ സ്ഥാപനങ്ങളും കൂടുതൽ സജീവമായി രംഗത്ത് വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ മഹാമാരി പോലുള്ള ദുരന്തം നാട് നേരിടുമ്പോൾ അതിനെ ചെറുക്കാൻ ജനകീയ പ്രസ്ഥാനങ്ങളും സന്നദ്ധ സംഘടനകളും കൂടുതൽ ഉണർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. കോടിയേരി പ്രസ്താവനയിൽ വ്യക്തമാക്കി. ഒന്നും രണ്ടും തരംഗങ്ങളിൽ എന്നപോലെ ഇന്നത്തെ ഘട്ടത്തിലും സി.പി.എം പ്രവർത്തകരും അനുഭാവികളും ബഹുജന സംഘടനകളും മാതൃകാപരമായി ഇടപെടണം. ഡെൽറ്റ , ഒമിക്രോൺ വകഭേദങ്ങൾ ഒന്നിച്ച് ഇവിടെ പടരുകയാണ്. ഒമിക്രോൺ തീവ്രത കുറഞ്ഞ ഇനമാണെന്ന ധാരണയിൽ നിസ്സാരതയോടുള്ള സമീപനം കാട്ടുന്നത് ആപത്താണ്. വ്യാപന ശേഷി കൂടിയ വകഭേദം ആയതിനാൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിക്കാൻ എല്ലാവരും ജാഗ്രത കാട്ടണം. വാക്സിൻ സ്വീകരിച്ചവർക്ക് രോഗം പൊതുവിൽ തീവ്രമല്ല. ജനസംഖ്യാനുപാതികമായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർക്ക് വാക്സിൻ നൽകിയത് കേരളമാണ്. കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനും പ്രത്യേക സംവിധാനം വിദ്യാലയങ്ങളിൽ ഒരുക്കി സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയായിരിക്കുകയാണ്. ഇപ്രകാരമുള്ള നടപടികളെല്ലാം കേരളം സ്വീകരിച്ചിട്ടുണ്ടെങ്കിലും രോഗവ്യാപനം രൂക്ഷമാണ്. ഈ സ്ഥിതി നേരിടുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളെ എല്ലാ വിഭാഗം ജനങ്ങളും പിന്തുണയ്ക്കണം. കോടിയേരി ആവശ്യപ്പെട്ടു.

Comments: 0

Your email address will not be published. Required fields are marked with *