Flash News

വിജയ് ബാബുവിനെതിരായ നടപടി; അമ്മ എക്സിക്യൂട്ടീവ് യോ​ഗം ഇന്ന്

നടി നൽകിയ ബലാത്സം​ഗ പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ നിന്ന് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം ഇന്ന് ചേരും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്. നടനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്സനായ ഇന്‍റേണൽ കംപ്ലെയിന്‍റ്സ് കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്. അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ വിജയ് ബാബുവിനെ സസ്പെൻഡ് ചെയ്യുകയോ തരം താഴ്ത്തുകയോ ചെയ്യണമെന്നാണ് ആവശ്യം.

അതേസമയം, വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ദുബായിലേക്ക് പോകാതെ തന്നെ നടനെ തിരിച്ച് എത്തിക്കാനുള്ള ശ്രമങ്ങളും പൊലീസ് നടത്തുന്നുണ്ട്. ഇതിനിടെ വിജയ് ബാബുവിനെതിരായ സമൂഹ മാധ്യമത്തിലൂടെയുള്ള മീ ടൂ ആരോപണത്തിൽ പരാതിക്കാരിയെ കണ്ടെത്താൻ പ്രത്യേക സൈബർ ടീം പരിശോധന തുടങ്ങി. സിനിമാ മേഖലയിൽ തന്നെയുള്ളയാളാണ് ഫേസ്ബുക്ക് വഴി ആരോപണം ഉന്നയിച്ചതെന്നാണ് കരുതുന്നത്.

Comments: 0

Your email address will not be published. Required fields are marked with *