കാടിനുള്ളില്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇക്കോ ഗ്രാമം
പശ്ചിമ ബംഗാളിന്റെ സൗന്ദര്യത്തിന്റെ സമ്പൂര്‍ണ്ണതയായി കരുതാവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ചതക്പൂര്‍ ഗ്രാമം. കാടിന്റെ ഭാഗം തന്നെയായ ഈ ഗ്രാമം സമുദ്ര നിരപ്പിനു 7887 അടി ഉയരത്തില്‍, കുന്നിന് മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സൊനാഡില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ചതക്പൂര്‍ ഗ്രാമം സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമാണ്.
വിനോദസഞ്ചാര മേഖലയില്‍ ഭാരതത്തിലെ തന്നെ പ്രഥമ കേന്ദ്രമാണ് പശ്ചിമ ബംഗാള്‍. ഈ നാട് വിദേശികള്‍ക്കു മുന്നില്‍ ഏറ്റവും പുതുമയുള്ളതും, അതേസമയം തങ്ങളുടെ പാരമ്പര്യം സംരക്ഷിക്കുന്നതുമായ മനോഹര കാഴ്ചകള്‍ ഒരുക്കുന്നു. അവയില്‍ ഏറ്റവും ആകര്‍ഷണീയം പശ്ചിമ ബംഗാളിലെ ഗ്രാമങ്ങളാണ്. വിസ്തീര്‍ണ്ണം സാമാന്യം ചെറുത് ആകാമെങ്കിലും ഈ ഗ്രാമങ്ങളുടെ സൗന്ദര്യം ആരെയും വിസ്മയിപ്പിക്കും. സംസ്ഥാനത്തിലെ ചെറുഗ്രാമങ്ങള്‍ എല്ലാം തന്നെ വിനോദസഞ്ചാരികളുടെ സ്ഥിരം സന്ദര്‍ശനങ്ങള്‍ക്ക് വേദിയാകാറുണ്ട്. ചതക്പൂര്‍ അത്തരത്തില്‍ ഒരു ഗ്രാമമാണ്.
കാടിനോട് ചേര്‍ന്ന് കിടക്കുന്ന ഈ ഗ്രാമം ആകര്‍ഷണീയതയുടെ കാര്യത്തില്‍ ഒരു പടി മുകളിലാണ്. ചതക്പൂര്‍ ഗ്രാമവാസികള്‍ പ്രകൃതിദത്തമായ ജീവനോപാധികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ജൈവകൃഷി നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായ ചതക്പൂര്‍ ഇക്കോ വില്ലേജ് എന്നാണ് അറിയപ്പെടുന്നത്. വടക്കു ഭാഗത്ത് കാഞ്ചന്‍ജംഗ പര്‍വ്വതനിരയും, തെക്ക് ഭാഗത്ത് റിലീ ഖോല നദിയും മനോഹരമാക്കുന്ന ഈ ഗ്രാമം പ്രകൃതിസൗന്ദര്യത്തിന്റെ നിത്യമഹോത്സവമാണ്.
ചതക്പൂരിലെ ജനസംഖ്യ നൂറില്‍ താഴെയാണ്. ഗ്രാമീണ കാഴ്ചകള്‍ക്കൊപ്പം ഗ്രാമീണരുടെ സ്തുത്യര്‍ഹമായ ആതിഥേയത്വവും സഞ്ചാരികള്‍ക്ക് ചതക്പൂര്‍ പ്രിയപ്പെട്ടതാക്കുന്നു. 18 വീടുകള്‍ മാത്രമേ ചതക്പൂരിലുള്ളൂ.
ഈ ഗ്രാമത്തില്‍ ഏഴ് കിലോമീറ്ററോളം കുത്തനെ നീളുന്ന ഒരു വഴിയുണ്ട്. അതിലൂടെ ഒരു സഞ്ചാരം വിളിച്ചോതും ചതക്പൂരിലെ വിശുദ്ധിയും ഗാംഭീര്യവും. ആല്‍പൈന്‍ കാടുകളുടെ ഇടയിലൂടെ മുന്നേറുന്ന പാത കാടിന്റെ മാസ്മരിക ദൃശ്യങ്ങള്‍ സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്കുന്നു.
ചതക്പൂരിന്റെ ഇക്കോ വില്ലേജ് എന്ന പദവിയിലേക്കുള്ള മുന്നേറ്റം വിസ്മരിക്കാന്‍ കഴിയില്ല. ഒരു കാലത്ത് ചതക്പൂര്‍ അറിയപ്പെട്ടിരുന്നത് മരംവെട്ടലിന്റെയും കള്ളക്കടത്തിന്റെയും പേരില്‍ ആയിരുന്നു. ഫോറസ്റ്റ് അധികൃതരുടെ നേതൃത്വത്തില്‍ ഗ്രാമത്തെ ഈ കുപ്രസിദ്ധിയില് നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഠിന ശ്രമങ്ങളിലൂടെ ചതക്പൂര്‍ ഒരു ഇക്കോ ഗ്രാമമായി വളര്‍ന്നത്.
മുകളില്‍ പരാമര്‍ശിച്ച ഏഴ് കിലോമീറ്റര്‍ നീളമുള്ള പാത അവസാനിക്കുന്നത് ചതക്പൂരിലെ പ്രശസ്തമായ ലൈറ്റ്ഹൗസിനു മുന്നിലാണ്. ഈ ലൈറ്റ്ഹൗസിലൂടെ പ്രസിദ്ധമായ സ്കന്ദാപൂവിന്റെ ദൃശ്യചാരുത ആസ്വദിക്കാന്‍ കഴിയും.
വനപാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ പരിശീലനം നേടിയ ഫോറസ്റ്റ് ഗാര്‍ഡ് ഒപ്പമുണ്ടെന്ന് ഉറപ്പുവരുത്തണം. വന്യമൃഗങ്ങളുടെ സാന്നിധ്യം പ്രതീക്ഷിക്കേണ്ടതിനാല്‍ ആവശ്യമായ മുന്‍കരുതലുകളും സ്വീകരിക്കണം.
ഇവിടെ നിരവധി ട്രക്കിങ്ങ് റൂട്ടുകളുണ്ട്. പ്രസിദ്ധമായ ടൈഗര്‍ ഹില്ലിലാണ് ഇവയില്‍ മിക്ക റൂട്ടുകളും അവസാനിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പര്‍വ്വതനിരകളുടെ മാസ്മരിക കാഴ്ച്ചകള്‍ കണ്ടുള്ള യാത്രയില്‍ എവറസ്റ്റിനെ വരെ കാണാന്‍ സാധിക്കും.
ഇക്കോ കോട്ടേജുകള്‍ മഴക്കാലത്ത് അടക്കാറുള്ളതിനാല് ആ മാസങ്ങളില്‍ ചതക്പൂര്‍ സന്ദര്‍ശനം നടത്താത്തത് ആയിരിക്കും ഉചിതം. ജുലൈ മുതല്‍ ഫെബ്രുവരി വരെ ചതക്പൂര്‍ ശൈത്യകാലത്തിന്റെ കടുത്ത തണുപ്പില്‍ ആയിരിക്കും. ഒക്ടോബര്‍ പകുതി മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവാണ് ചതക്പൂര്‍ സന്ദര്‍ശിക്കാന്‍ ഉത്തമസമയം.
ചതക്പൂരിലെ ദിനങ്ങള്‍ ആരംഭിക്കുന്നത് ഹിമാലയത്തിന്റെ പ്രൗഢഗംഭീര പശ്ചാത്തലത്തില്‍ ഹരിതാഭയിലേക്ക് സൂര്യന് ഉദിച്ച് ഉയരുന്നതിന് സാക്ഷ്യം വഹിച്ചുകൊണ്ടാണ്. സന്ദര്‍ശകര്‍ ചതക്പൂരിലെ പ്രകൃതി സൗഹൃദ ഭവനങ്ങളില്‍ ഭൂമിയുടെ വൈവിധ്യമാര്‍ന്ന നിറക്കൂട്ടിലേക്ക് ഉണരുവാനുള്ള അസുലഭ സൗഭാഗ്യം അനുഭവിക്കാതെ പോകരുത്.
ചതക്പൂര്‍ ബാഗ്ഡോഗ്ര വിമാനത്താവളത്തില്‍ നിന്ന് 80 കിലോമീറ്ററും, ന്യൂ ജല്‍പായ്ഗുരി (എന്‍.ജെ.പി) റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 65 കിലോമീറ്ററും അകലെയാണ്. ഡാര്‍ജിലിംഗ് നഗരത്തില്‍ നിന്ന് 26 കിലോമീറ്ററോ, ജനപ്രിയ പട്ടണമായ ഘൂമില്‍ നിന്ന് 17 കിലോമീറ്ററോ സാഹസിക പാതകളിലൂടെ സഞ്ചരിച്ചുകൊണ്ട് വേണം ദൃശ്യചാരുതയുടെ സ്വപ്നഭൂമിയായ ചതക്പൂരില് എത്താന്‍.