ലക്ഷദ്വീപില്‍ സ്വകാര്യ കമ്പനിയുടെ ടൂറിസം പദ്ധതിക്ക്​ അംഗീകാരം നൽകി കേന്ദ്ര സര്‍ക്കാര്‍

ലക്ഷദ്വീപിലെ നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതിന്​ പിന്നാലെ വമ്പന്‍ ടൂറിസം പദ്ധതിയ്ക്ക്​ അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സ്വകാര്യ കമ്പനിയുടെ നേതൃത്വത്തില്‍ മിനിക്കോയ്​ ദ്വീപിലാണ്​ പദ്ധതി നടപ്പാക്കുന്നത്​. 319 കോടി രൂപ ചെലവിലാണ്​ ഇവിടെ റിസോര്‍ട്ട്​ നിര്‍മിക്കുക.

റിസോര്‍ട്ടിനായി സ്വകാര്യമേഖലയ്ക്ക്​ 15 ഹെക്ടറോളം ഭൂമി 75 വര്‍ഷത്തേക്ക്‌ വിട്ടുകൊടുക്കും. മൂന്ന്​ വര്‍ഷം കൊണ്ടാണ്​ നിര്‍മാണം പൂര്‍ത്തിയാക്കുക. ലേലത്തിലൂടെയാണ് സ്വകാര്യ​ കമ്പനിയെ തെരഞ്ഞെടുത്തത്​. കടലോരത്ത്‌ വില്ലകള്‍ നിര്‍മിക്കാന്‍ 8.53 ഹെക്ടറും വാട്ടര്‍വില്ലകള്‍ക്കായി പവിഴപ്പുറ്റുകള്‍ നിലകൊള്ളുന്ന ആറ്‌ ഹെക്ടറുമാണ്‌ നല്‍കുക. റിസോര്‍ട്ടില്‍ 150 വില്ലകള്‍ ഉണ്ടാകും. ഇതില്‍ 110 എണ്ണം ബീച്ചിലും 40 എണ്ണം കടലിലേക്ക്​ ഇറങ്ങിയുമാകും ഉണ്ടാവുക. മാലദ്വീപിനോട്​ കിടപിടിക്കുന്ന വില്ലകളാണ്​ ഇവിടെ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്​.

രണ്ട്‌ വര്‍ഷം മുമ്ബ്‌ ആസൂത്രണം ചെയ്​ത പദ്ധതിയാണിത്​.സ്വകാര്യകമ്ബനിക്ക്​ ഒട്ടേറെ ഇളവുകള്‍ നല്‍കിയാണ്‌ ധനമന്ത്രാലയത്തിലെ സാമ്ബത്തികകാര്യ സമിതി പദ്ധതി അംഗീകരിച്ചത്‌.പദ്ധതിയില്‍ ദ്വീപ്‌ വാസികള്‍ക്ക്‌ നിശ്ചിത ശതമാനം തൊഴില്‍ സംവരണം ചെയ്യണമെന്ന്‌ മുമ്പ് നിര്‍ദേശിച്ചിരുന്നു. ഈ വ്യവസ്ഥ നീക്കംചെയ്‌തു. വര്‍ഷംതോറും ലൈസന്‍സ്‌ ഫീസില്‍ 10 ശതമാനം വര്‍ധനയെന്നത്‌ അഞ്ച്‌ ശതമാനമായി കുറച്ചു. പരിസ്ഥിതി സൗഹൃദ റിസോര്‍ട്ടുകള്‍ നിര്‍മിക്കുകയാണ്‌ പദ്ധതിയുടെ ലക്ഷ്യമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെടുന്നു. ലക്ഷദ്വീപ്‌ അതോറിറ്റി മുന്നോട്ടുവച്ച പദ്ധതി നിര്‍ദേശം ആഭ്യന്തരമന്ത്രാലയത്തിന്‍റെ അനുമതിയോടെയാണ്‌ ധനമന്ത്രാലയത്തില്‍ എത്തിയത്‌.

Comments: 0

Your email address will not be published. Required fields are marked with *