Flash News

കളി തുടങ്ങുംവരെ അധികൃതർ എവിടെയായിരുന്നു? വിമർശവുമായി അർജന്റീന

ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ബ്രസീൽ – അർജന്റീന മത്സരം ആരംഭിച്ച ശേഷം പൊലീസ് ഇടപെട്ട് നിർത്തിവെപ്പിച്ചതിനെതിരെ രൂക്ഷവിമർശവുമായി അർജന്റീന ഫുട്‌ബോൾ അസോസിയേഷൻ. തങ്ങളുടെ ടീം മൂന്നു ദിവസം മുമ്പേ എല്ലാ നിബന്ധനകളും പാലിച്ച് ബ്രസീലിൽ എത്തിയിട്ടും ഇത്തരമൊരു നടപടിയെടുക്കാൻ മത്സരം തുടങ്ങുന്നതു വരെ കാത്തിരുന്നത് അത്ഭുതപ്പെടുത്തുന്നുവെന്ന് എ.എഫ്.എ അറിയിച്ചു.

“സാവോ പോളോയിൽ അർജന്റീന ദേശീയ ടീമും ബ്രസീലിയൻ ദേശീയ ടീമും തമ്മിലുള്ള മത്സരം താൽക്കാലികമായി നിർത്തിവച്ചതിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ കടുത്ത പ്രതിഷേധം അറിയിക്കുന്നു. ബ്രസീലിയൻ ഫുട്‌ബോൾ കോൺഫെഡറേഷനെ പോലെ തന്നെ, കളി ആരംഭിച്ചു കഴിഞ്ഞതിനു ശേഷമുള്ള അൻവിസയുടെ ഇടപെടൽ എ.എഫ്.എയെയും ആശ്ചര്യപ്പെടുത്തി.

ഖത്തർ 2022 ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങൾക്കായി, കോൺമബോൾ നിഷ്‌കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ച് അൽബിസെലസ്റ്റെ സംഘം സെപ്തംബർ മൂന്നിന് രാവിലെ എട്ടു മണിക്ക് ബ്രസീലിൽ എത്തിയിട്ടുണ്ട്. കോൺമബോൾ അധികൃതരുടെയും മാച്ച് റഫറിയുടെയും റിപ്പോർട്ട് കിട്ടിയശേഷം ഇതു സംബന്ധിച്ച് ഞങ്ങൾ ഫിഫയുമായി സംസാരിക്കും. ഇത്രയും പ്രാധാന്യമുള്ള മത്സരത്തിൽ ഇത്തരത്തിൽ സ്‌പോർട്‌സ്മാൻഷിപ്പിനെ ചോദ്യംചെയ്യുന്ന നടപടികൾ ഇനിയും ഉണ്ടായിക്കൂടാ…” – എ.എഫ്.എ പ്രസ്താവനയിൽ വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *