Flash News

റിലീസ് ഉത്തരവ് ലഭിച്ചില്ല; ആര്യൻ ഖാൻ ഇന്നും ജയിലിൽ തുടർന്നേക്കും

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസിൽ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യം ലഭിച്ചെങ്കിലും ഇന്ന് പുറത്തിറങ്ങണമെങ്കിൽ റിലീസ് ഉത്തരവ് വൈകിട്ട് 5:30ന് മുൻപ് ജയിലിലെത്തണം. എന്നാൽ ഉത്തരവ് ഇതുവരെ ജയിലിൽ എത്തിയിട്ടില്ല. ജയിൽ ചട്ടങ്ങൾ പ്രകാരം അഞ്ചരയ്ക്ക് ശേഷമാണ് ഉത്തരവ് ബെയിൽ ബോക്സിൽ എത്തുന്നതെങ്കിൽ അടുത്ത ഒരു രാത്രികൂടി ആര്യന് ജയിലിനുള്ളിൽ തന്നെ കഴിയേണ്ടിവരും.

ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് 24 മണിക്കൂറോളമായെങ്കിലും ആര്യന് പുറത്തിറങ്ങാൻ നടപടി ക്രമങ്ങൾ ഏറെയാണ്. ബോംബെ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ജാമ്യ ഉത്തരവിന്റെ പകർപ്പ് പ്രത്യേക ആന്റി-നാർക്കോട്ടിക് കോടതിയിൽ സമർപ്പിക്കണമെന്നതാണ് ആദ്യനടപടി. ഇതിനുശേഷം ആന്റി-നാർക്കോട്ടിക് കോടതിയാണ് ആര്യന്റെ റിലീസ് ഓർഡർ പുറപ്പെടുവിക്കുക. ഈ ഉത്തരവാണ് ആർതർ റോഡ് ജയിലിന് പുറത്തെ ബെയിൽ ബോക്സിൽ ലഭിക്കേണ്ടത്.

ദിവസത്തിൽ മൂന്ന് തവണ മാത്രമേ ജയിലിലെ ബെയിൽ ബോക്സ് തുറക്കുകയുള്ളു. രാവിലേയും ഉച്ചയ്ക്കും വൈകീട്ടുമാണിത്. ഇന്ന് അഞ്ചരയ്ക്കുള്ളിൽ റിലീസ് ഓർഡർ ഈ ബോക്സിൽ എത്തിയാൽ ജയിൽ അധികൃതർ ഇതുകൈപറ്റി ആര്യനെ ഇന്നുതന്നെ പുറത്തിറക്കും. മറിച്ചാണെങ്കിൽ അര്യന് നാളെ മാത്രമേ പുറത്തിറങ്ങാൻ കഴിയൂ.

ഇന്നു വൈകുന്നേരത്തിനുള്ളിൽ നടപടികളെല്ലാം പൂർത്തിയാക്കി ആര്യനെ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹത്തന്റെ അഭിഭാഷകൻ സതീഷ് മനെഷിൻഡെ പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *