മുഖ്യമന്ത്രിയോടുള്ള പ്രതിഷേധത്തിന്റെ വകയില്‍ മേരി ചേച്ചിക്ക് എന്റെ വക 100 രൂപ : അഡ്വ. ഹരീഷ് വാസുദേവന്‍

അഞ്ചു തെങ്ങ് കൊച്ചുമേത്തന്‍ കടവിലെ ചെറുകിട മത്സ്യവില്പനക്കാരി മേരിയുടെ മീന്‍കുട്ട പൊലീസ് തട്ടിത്തെറിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തുകയാണെന്ന് പറഞ്ഞുകൊണ്ട് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ രംഗത്തെത്തി. ‘നീതിന്യായ വ്യവസ്ഥ ഭീതിയോ, പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ എഫ്.ഐ.ആര്‍ ഇട്ട് അതിനെ പറ്റി അന്വേഷിക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ് എന്നത് ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിയാണ്. ഈ നാട്ടിലെ ആ നിയമം ഈ സംഭവത്തില്‍ ഇതുവരെ നടക്കാത്തത് എന്തേ’യെന്ന് ചോദിച്ച ഹരീഷ്, മേരിക്ക് മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ സൂചകമായി തന്റെ വകയായി 100 രൂപ അയയ്ക്കാനാണ് തീരുമാനം എന്നും സാമൂഹ്യമാധ്യമങ്ങളില്‍ കുറിച്ചു.

അഡ്വ. ഹരീഷ് വാസുദേവന്റെ കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെ :

“മുഖ്യമന്ത്രിയോടുള്ള പ്രതിഷേധ വകയില്‍ മേരി ചേച്ചിക്ക് എന്റെ വക 100 രൂപ.

അഞ്ചു തെങ്ങ് സ്വദേശി മേരിയുടെ മീന്‍ പൊലീസ് വലിച്ചെറിഞ്ഞത് സംബന്ധിച്ച സബ്മിഷനു മറുപടി പറയവേ, മുഖ്യമന്ത്രി അല്പം ഭേദപ്പെട്ടല്ലോ എന്ന് തോന്നി. പണ്ടത്തേതു പോലെ പൊലീസ് പറയുന്നത് മുഴുവന്‍ ഏറ്റുപറയുന്നില്ല, അതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ DGPയോട് നിര്‍ദ്ദേശിച്ചു എന്നാണ് നിയമസഭയിലെ ഉത്തരം. അത്രയും മാറ്റമുണ്ട്. നല്ല കാര്യം. പക്ഷെ, അതുകൊണ്ടായില്ല.

നീതിന്യായ വ്യവസ്ഥ ഭീതിയോ, പ്രീതിയോ ഇല്ലാതെ നടപ്പാക്കും എന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രി അതിന്റെ ലംഘനമാണ് നടത്തുന്നത്. ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി അറിവ് ലഭിച്ചാല്‍ അപ്പോള്‍ തന്നെ FIR ഇട്ട് അതിനെ പറ്റി അന്വേഷിക്കേണ്ടത് സംസ്ഥാനത്തിന്റെ ചുമതലയാണ് എന്നത് ലളിതകുമാരി കേസിലെ സുപ്രീംകോടതി വിധിയാണ്. ഈ നാട്ടിലെ ആ നിയമം മേരിയുടെ കാര്യത്തില്‍ ഇതുവരെ നടക്കാത്തത് എന്തേ?

മേരിയുടെ പരാതി ഒരു കോഗ്നിസബിള്‍ ഒഫെന്‍സിനെപ്പറ്റി ഉള്ളതാണ്. FIR ഇട്ട് അന്വേഷിക്കേണ്ടതാണ്. ചെയ്തത് പൊലീസുകാരാണോ, ചാനലുകാരാണോ എന്നൊക്കെ അന്വേഷിക്കേണ്ടത് FIR ഇട്ടതിനു ശേഷമാണ്. മേരി ചേച്ചിയെ ചോദ്യം ചെയ്യണം. സാക്ഷികളെ ചോദ്യം ചെയ്യണം. അങ്ങനെ നിയമപരമായ നടപടിക്രമങ്ങള്‍ വേണം. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ വിവരം മേരി ചേച്ചി നല്‍കിയാല്‍ അത് FIRല്‍ കാണണം.

പൊലീസുകാര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന് IPCയില്‍ ഇളവില്ല ; നടപടിക്രമം വേറെയുമല്ല. KP Actലെ 113ആം വകുപ്പിന്റെ പരിരക്ഷ ഈ കാര്യത്തില്‍ ലഭിക്കില്ല. ഞാനോ, നിങ്ങളോ ഒരു മേരിയുടെ മീന്‍ തോട്ടില്‍ എറിഞ്ഞു എന്ന പരാതി ഉണ്ടായാല്‍ നിയമം എങ്ങനെ സഞ്ചരിക്കുമോ, അതേ വഴിയിലൂടെ നിയമം പോകണം, ഈ കേസിലും.

സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ട് മൂന്ന് ദിവസം പിന്നിട്ടു. ഇതുവരെ ഒരു FIR ഇട്ടോ? ഇട്ടെങ്കില്‍ എത്രയാണ് ക്രൈം നമ്പര്‍? ഇട്ടിട്ടില്ലെങ്കില്‍, ആ നിയമം നടപ്പാക്കാന്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ എന്ത് നടപടി സ്വീകരിച്ചു എന്നുവേണ്ടേ മുഖ്യമന്ത്രി DGPയോട് ചോദിക്കാന്‍!! (ഈ വിഷയത്തില്‍ മാത്രം അല്ലല്ലോ, പൗരന്മാരെ അകാരണമായി ഉപദ്രവിച്ചതായി പരാതിയുള്ള ഏതെങ്കിലും കേസില്‍ FIR ഇട്ട് അന്വേഷണം നടത്തിയിട്ടുണ്ടോ?)”

Comments: 0

Your email address will not be published. Required fields are marked with *