കോവിഡ് പ്രതിരോധത്തിന് “അശ്വഗന്ധ”; പുതിയ രീതിയുടെ സാധ്യത പരിശോധിക്കാനൊരുങ്ങി ഇന്ത്യയും ബ്രിട്ടനും

ഇന്ന് ലോക രാജ്യങ്ങൾ കോവിഡ് എന്ന മഹാമാരിയെ പിടിച്ച് കെട്ടാൻ പല വഴികളും പരീക്ഷിക്കുകയാണ് . ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിന് പുതിയ രീതി പരീക്ഷിക്കാനൊരുങ്ങുകയാണ് ഇന്ത്യയും ബ്രിട്ടനും. കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും ‘അശ്വഗന്ധ’ (അമുക്കുരം) ഫലപ്രദമാണോ എന്നു കണ്ടെത്താൻ ആയുഷ് മന്ത്രാലയം ബ്രിട്ടനിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി (എൽ.എസ്.എച്ച്.ടി.എം.) സഹകരിച്ച് പഠനം നടത്തുന്നതായാണ് പുതിയ റിപ്പോർട്ട്.

ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എ.ഐ.ഐ.എ.) എൽ.എസ്.എച്ച്.ടി.എമ്മും ചേർന്ന് ബ്രിട്ടനിലെ ലെസ്റ്റർ, ബർമിങാം, ലണ്ടൻ എന്നീ നഗരങ്ങളിലെ 2000 പേരിൽ അശ്വഗന്ധയുടെ ക്ളിനിക്കൽ പരീക്ഷണം നടത്താനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ശരീരോർജം കൂട്ടാനും സമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന പരമ്പരാഗത സസ്യമാണ് അശ്വഗന്ധ. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഇന്ത്യയുടെ പരമ്പരാഗത ഔഷധസമ്പ്രദായത്തിനു പുതിയ വഴിത്തിരിവാകുമെന്നും മന്ത്രാലയം പറഞ്ഞു.

‘‘1000 പേർക്ക് മൂന്നുമാസം അശ്വഗന്ധ ഗുളികകൾ നൽകും. ബാക്കി 1000 പേർക്ക് രുചിയിലും കാഴ്ചയിലും വ്യത്യാസമില്ലാത്ത എന്നാൽ, ഔഷധഗുണമില്ലാത്ത ഗുളികകളും നൽകും. 500 മില്ലിഗ്രാമുള്ള ഗുളിക ദിവസം രണ്ടുനേരമാണ് കഴിക്കേണ്ടത്. ഗുളികകൾ കഴിച്ചതിനുശേഷം ഇവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ മാസവും അവലോകനം ചെയ്താണ് പഠന റിപ്പോർട്ട് തയ്യാറാക്കുക എന്ന് എ.ഐ.ഐ.എ. ഡയറക്ടർ ഡോ. തനുജ മനോജ് നേസാരി വ്യക്തമാക്കി.

Comments: 0

Your email address will not be published. Required fields are marked with *