അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ രാജ്യം തെരഞ്ഞെടുപ്പ് ചൂടിലേക്ക്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. പഞ്ചാബ്, ഗോവ, ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ സംസ്ഥാനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഏഴ് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തർ പ്രദേശിൽ ഫെബ്രുവരി 10ന് ആദ്യ ഘട്ടം ആരംഭിക്കും. രണ്ടാം ഘട്ടം ഫെബ്രുവരി 14നും. മൂന്നാം ഘട്ടം ഫെബ്രുവരി 20നും. നാലാം ഘട്ടം ഫെബ്രുവരി 23നും. അഞ്ചാം ഘട്ടം 27നും. ആറാം ഘട്ടം മാർച്ച് 3നും ഏഴാം ഘട്ടം മാർച്ച് 7നും നടക്കും. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും. അഞ്ച് സംസ്ഥാനങ്ങളിലായി 18.34 വോട്ടർമാരാണ് പോളിംഗ് ബൂത്തിലേക്ക് എത്തുക. കൊവിഡ് സുരക്ഷ ഉറപ്പ് വരുത്തിയാകും തെരഞ്ഞെടുപ്പ് നടത്തുകയെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1,250 വോട്ടർമാരെ മാത്രമേ അനുവദിക്കൂ. നാമനിർദ്ദേശ പത്രിക ഓൺലൈൻ ആയി സമർപ്പിക്കാമെന്നും കമ്മീഷൻ അറിയിച്ചു. കൊവിഡ് ബാധിച്ചവർക്ക് തപാൽ വോട്ട് ചെയ്യാൻ അവസരം ലഭിക്കും. 80 വയസ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും തപാൽ വോട്ട് സംവിധാനം ലഭ്യമാകും. അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവിൽ വന്നു. ജനുവരി 15 വരെ റാലികളും പദയാത്രകളും വിലക്കി. സാഹചര്യം വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും. രാജ്യത്ത് കൊവിഡ് ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്നത് ഉചിതമാണോയെന്ന ചോദ്യം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരിട്ടിരുന്നു. എന്നാൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം തേടിയിരുന്നു. തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യം രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളൊന്നും ആവശ്യപ്പെട്ടിട്ടില്ല. ഇതിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അഞ്ച് സംസ്ഥാനങ്ങൾ സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിന്റെ അടിസ്ഥാനത്തിലും നിലവിലെ കൊവിഡ് സാഹചര്യം വിലയിരുത്തിയുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അന്തിമ തീരുമാനത്തിലെത്തിയിരിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *