Flash News

ഭേല്‍ ഇഎംഎല്‍ ഏറ്റെടുത്ത് കേരളം; പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭേല്‍ ഇഎംഎല്‍ ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച് പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനീയറിങ് കമ്പനിയുടെ ഭാഗമായി കാസര്‍ഗോഡ് 1990 മുതല്‍ പ്രവര്‍ത്തിച്ചിരുന്ന യൂണിറ്റ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന് 2010ലാണ് കൈമാറിയത്. 51 ശതമാനം ഓഹരികള്‍ ഭെല്‍ കൈവശം വെച്ചു. 49 ശതമാനം ഓഹരികള്‍ കേരള സര്‍ക്കാരും കൈവശം സൂക്ഷിച്ചു. ഒരു സംയുക്ത സംരംഭം എന്ന നിലയില്‍ ഭെല്‍ ഇ എം എല്‍ എന്ന പേരിലാണ് പുതിയ കമ്പനി രൂപീകരിച്ചത്. പവര്‍ കാര്‍ ആള്‍ട്ടര്‍നേറ്റര്‍, ട്രെയിന്‍ ലൈറ്റിംഗ്ആ ള്‍ട്ടര്‍നേറ്റര്‍ എന്നിവയുടെ നിര്‍മാണവും അതോടൊപ്പം ഡീസല്‍ ജനറേറ്റര്‍ സെറ്റിംഗ് സംയോജനവും വില്‍പനയും ആയിരുന്നു കെല്ലിന്റെ കീഴില്‍ നിലനിന്നിരുന്ന സമയത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനം. ഇത് കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കുക എന്നതായിരുന്നു കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഭെല്ലിന്റെ നേതൃത്വത്തില്‍ പുതിയ കമ്പനി വിഭാവനം ചെയ്തിരുന്നത്. എന്നാല്‍ നവരത്‌ന സ്ഥാപനമായ ഭെല്ലിന് ഈ പുതിയ കമ്പനിയുടെ ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിയാതെ വന്നു.

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്ലിന്റെ കീഴില്‍ ലാഭകരമായി പ്രവര്‍ത്തിച്ചുവന്നിരുന്ന യൂണിറ്റ് BHELന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചതുമുതല്‍ എല്ലാ വര്‍ഷവും തുടര്‍ച്ചയായി നഷ്ടം രേഖപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റൊഴിയുന്ന കേന്ദ്രസര്‍ക്കാര്‍ നയത്തിന്റെ ദുര്‍ഗതി കാസര്‍ഗോഡ് ബി എച്ച് ഇ എല്‍ ഇ എം എല്ലും നേരിടേണ്ടിവരുമെന്ന അവസ്ഥയിലാണ് കേരള സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ഈ പ്രമുഖ സ്ഥാപനത്തെ പൊതുമേഖലയില്‍ തന്നെ നിലനിര്‍ത്തി സംരക്ഷിക്കാന്‍ നടപടി സ്വീകരിച്ചത്.

ഈ കമ്പനിയുടെ പുനരുദ്ധാരണത്തിന് ആവശ്യമായ 43കോടി രൂപയും മുന്‍കാലങ്ങളില്‍ കമ്പനി വരുത്തിവെച്ച 34 കോടി രൂപയുടെ ബാധ്യതയും ചേര്‍ത്ത് 77 കോടിയോളം രൂപ കേരളസര്‍ക്കാര്‍ കണ്ടെത്തിയാണ് ഈ പൊതുമേഖലാ സ്ഥാപനത്തെ ഏറ്റെടുക്കുന്നത്. ഈ ബാധ്യതകളുടെ കൂട്ടത്തില്‍ എടുത്തു പറയേണ്ടത് രണ്ടു വര്‍ഷമായി തൊഴിലോ ശമ്പളമോ ഇല്ലാതെ കഷ്ടപ്പെടുന്ന ജീവനക്കാരുടെ 14 കോടിയോളം രൂപയുടെ ശമ്പള കുടിശികയും ഉള്‍പ്പെടുന്നു എന്നതാണത്. കേരള സര്‍ക്കാര്‍ തിരികെ ഏറ്റെടുക്കുന്നതോടുകൂടി നിലവിലുള്ള യന്ത്രസാമഗ്രികള്‍ക്കൊപ്പം അത്യാധുനിക സംവിധാനങ്ങളോടെ ഫാക്ടറി പുനരുദ്ധരിച്ച് ട്രാക്ഷന്‍ മോട്ടേഴ്‌സ്, കണ്‍ട്രോളറുകള്‍, ആള്‍ട്ടര്‍നേറ്റര്‍, റെയില്‍വേയ്ക്ക് ആവശ്യമായ ട്രാക്ഷന്‍ ആള്‍ട്ടര്‍നേറ്റര്‍ മോട്ടേഴ്‌സ് ഡിഫന്‍സിന് അനാവശ്യമായ സ്‌പെഷ്യല്‍ പര്‍പ്പസ് ആള്‍ട്ടര്‍നേറ്റര്‍, വൈദ്യുതി മേഖലയ്ക്ക് ആവശ്യമായ സ്ട്രീറ്റ് ലൈറ്റ് കണ്‍ട്രോളര്‍ തുടങ്ങിയവ ഉത്പാദിപ്പിച്ച് മാതൃകാപരമായ ഒരു പൊതുമേഖലാ സ്ഥാപനമായി ഇത് നില നിര്‍ത്തും.

പൊതുമേഖലാസ്ഥാപനങ്ങളെ സംരക്ഷിക്കാനും വളര്‍ത്തിയെടുക്കാനും സംസ്ഥാന സര്‍ക്കാറിനുള്ള പ്രതിബദ്ധത അടിവരയിട്ട് ഉറപ്പിക്കുന്ന ഒന്നാണ് ഈ ഏറ്റെടുക്കലെന്ന് സിപിഐഎം വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തില്‍ കേന്ദ്ര ഗവണ്‍മെന്റ് പുലര്‍ത്തുന്ന സമീപനം ഏവര്‍ക്കും അറിയാം. അവ സ്വകാര്യമേഖലക്ക് കൈമാറുകയോ, വിറ്റൊഴിയുകയോ ചെയ്യുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം. തിരുവനന്തപുരം വിമാനത്താവളം, പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍, ബി.പി.സി.എല്‍, വെള്ളൂര്‍ എച്ച് എന്‍.എല്‍ എന്നിവയുടെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച സ്വകാര്യവല്‍ക്കരണ വില്‍പന നയം നാം കണ്ടതാണ്. എച്ച്.എന്‍.എല്‍ സംസ്ഥാനത്തിന് കൈമാറണമെന്ന ആവശ്യം അംഗീകരിക്കാന്‍ പോലും തയ്യാറായില്ല. ഇതേത്തുടര്‍ന്ന് ലേലത്തില്‍ പങ്കെടുത്താണ് കേരളം ആ സ്ഥാപനം വാങ്ങിയത്. പൊതുമേഖലയെ ആധുനീകരിച്ചും സംരക്ഷിച്ചു കൊണ്ടുമാണ് വ്യവസായ വളര്‍ച്ചയിലേക്ക് കേരളത്തെ ഈ സര്‍ക്കാര്‍ നയിക്കുകയെന്നും സിപിഐഎം പ്രസ്താവനയില്‍ അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *