ബോഡിഷെയിം ചെയ്യുന്ന ഈ സമൂഹത്തിൽ ഈ ബുട്ടീക് മുന്നോട്ട് വെക്കുന്നത് വലിയൊരു രാഷ്ട്രീയമാണ്

പൊളിറ്റിക്കലി കറക്റ്റ് ആവാൻ ശ്രമിക്കുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. നിറത്തിന്റെ പേരിൽ, വണ്ണത്തിന്റെ പേരിൽ, ലിംഗത്തിന്റെ പേരിൽ തുടങ്ങി എല്ലാം വിവേചനങ്ങളെയും തുടച്ചുമാറ്റാൻ ഈ സമൂഹം ശ്രമിക്കാറുണ്ട്. എന്നാൽ ചുറ്റും നടക്കുന്ന പല കാര്യങ്ങളും നമുക്ക് ഏറെ മുന്നോട്ടുപോവാനുണ്ട് എന്നാണ് വ്യക്തമാക്കുന്നത്. പ്ലസ് സൈസിലുള്ള വസ്ത്രം ഡിസ്പ്ലേയ്ക്ക് വെച്ചതിന്റെ പേരിൽ യുകെയിലെ ഒരു ബ്രൈഡൽ‌ സ്റ്റോർ നേരിട്ട അപഹാസ്യങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

വസ്ത്രങ്ങൾ‌ എല്ലാ വലുപ്പത്തിലും ലഭ്യമാവാത്തതിനെ കുറിച്ച് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ യുകെയിലെ ഒരു ബ്രൈഡൽ‌ സ്റ്റോറിൽ വിൻ‌ഡോ ഡിസ്‌പ്ലേയിൽ‌ വെച്ച ഒരു പ്ലസ് – സൈസിലുള്ള വസ്ത്രം ധരിച്ച പ്രതിമ നിരവധി വഴിയാത്രക്കാരുടെ പരിഹാസങ്ങളാണ് ഏറ്റുവാങ്ങിയത്. മൈൻഹെഡിലെ സോമർസെറ്റിലെ ഒരു ബ്രൈഡൽ ബുട്ടീകിൽ ഏപ്രിലില്‍ ആയിരുന്നു സംഭവം അരങ്ങേറിയത്.

ഫ്യൂഷിയ എന്ന് വിളിപ്പേരുള്ള പ്രതിമയ്ക്കു മേല്‍ പൊതുജനം ചൊരിഞ്ഞ പരിഹാസവർഷങ്ങൾ കടയുടെ നിലനിൽപ്പിനെ വരെ ബാധിച്ചു തുടങ്ങിയപ്പോഴാണ് ഉടമയായ ഡെബി ഷെല്ലി തന്റെ നിലപാട് പ്രഖ്യാപിച്ചുകൊണ്ട് കഴിഞ്ഞദിവസം രംഗത്തെത്തിയത്.

‘നിങ്ങൾ വെറുതെ ചിരിക്കുകയാണോ? അതോ വണ്ണം ഉണ്ടായതിന്റെ പേരിൽ കളിയാക്കുകയാണോ? ഫ്യൂഷിയയ്ക്കും വികാരങ്ങളുണ്ട്. അവൾ സുന്ദരിയാണെന്ന് ഞങ്ങൾ കരുതുന്നു. കളിയാക്കലുകൾ അല്ല, മറിച്ച് നിറയെ സ്നേഹം അയയ്ക്കുക.’ കടയുടെ മുന്നിൽ വെച്ച സൈൻബോർഡിൽ ഡെബി ഷെല്ലി കുറിച്ചു. ‘കുട്ടികള്‍ക്കൊപ്പം സ്ത്രീകൾ ഇതുവഴി കടന്നു വരുമ്പോൾ, ‘ഇതുപോലെ ഒരിക്കലും തടിക്കരുത്. കാരണം നിങ്ങളെ വിവാഹം കഴിക്കാൻ ആരും വരില്ല’ എന്ന് അവര്‍ ഉപദേശിക്കുന്നത് കേട്ടിട്ടുണ്ട്. അതാണ് എന്നെ ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത്.’ ഡെബി ഷെല്ലി ബിബിസി ന്യൂസിനോട് പറഞ്ഞു.

‘ചെറിയ വസ്ത്രങ്ങൾ കിട്ടാൻ എളുപ്പമാണ്. എന്നാൽ വണ്ണമുള്ളത് വളരെ സാധാരണമാണ്. അവർക്കു വേണ്ടി കൂടിയാണ് ഞങ്ങൾ നിൽകൊള്ളുന്നതെ’ന്നും അവർ കൂട്ടിച്ചേർത്തു.

Comments: 0

Your email address will not be published. Required fields are marked with *