ബി.എസ്.എഫിന്‍റെ അധികാര പരിധി കൂട്ടിയ നടപടി; എതിര്‍പ്പുമായി സംസ്ഥാനങ്ങൾ

ബംഗ്ലാദേശ്, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മൂന്ന് സംസ്ഥാനങ്ങളിൽ ബിഎസ്എഫിന്റെ അധികാര പരിധി ഉയർത്തിയ നടപടിക്കെതിരെ പഞ്ചാബ്, പശ്ചിമ ബംഗാൾ സർക്കാരുകൾ. പശ്ചിമ ബംഗാൾ, അസം, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് ബിഎസ്എഫിന്റെ അധികാര പരിധി 15ൽ നിന്ന് 50 കിലോമീറ്ററായി വർധിപ്പിച്ചത്. നടപടി സംസ്ഥാനത്തിന്റെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് ഇരു സംസ്ഥാനങ്ങളും ആരോപിച്ചു. അധികാരപരിധി ഉയർത്തിയതോടെ ഈ മേഖലയിൽ പരിശോധന നടത്താനും നിരോധിത വസ്തുക്കൾ പിടിച്ചെടുക്കാനും അളുകളെ അറസ്റ്റ് ചെയ്യാനും ബിഎസ്എഫിന് അധികാരം ഉണ്ടായിരിക്കും.

നടപടി ഫെഡറൽ തത്വങ്ങൾക്ക് എതിരെയുള്ള കടന്നുകയറ്റമെന്നാണ് പഞ്ചാബ്, ബംഗാൾ സംസ്ഥാനങ്ങൾ പ്രതികരിച്ചത്. കേന്ദ്ര സർക്കാരിന്റെ ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി പറഞ്ഞു. ഇത് ഫെഡറലിസത്തിനെതിരായ ആക്രമണമാണ്. യുക്തിരഹിതമായ നടപടി ഉടൻ പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെടുന്നവെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ ഫെഡറൽ തത്വങ്ങൾ ലംഘിക്കുകയാണെന്ന് ബംഗാൾ മന്ത്രിയും തൃണമൂൽ നേതാവുമായ ഫർഹാദ് ഹക്കിം പറഞ്ഞു. ക്രമസമാധാനം ഒരു സംസ്ഥാന വിഷയമാണ്. പക്ഷേ കേന്ദ്ര സർക്കാർ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അതിൽ ഇടപെടാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Comments: 0

Your email address will not be published. Required fields are marked with *