നിയമസഭാ കയ്യാങ്കളിക്കേസ്; വിടുതൽ ഹർജി ഈ മാസം 31ലേക്ക് മാറ്റി

നിയമസഭാ കയ്യാങ്കളി കേസ് പരിഗണിക്കുന്നത് തിരുവനന്തപുരം സി ജെ എം കോടതി 31ലേക്ക് മാറ്റി. വിടുതൽ ഹർജി പരിഗണിക്കുന്നതാണ് മാറ്റിയത്. ചെന്നിത്തലയ്ക്ക് തടസ്സഹർജി നൽകാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. മന്ത്രി വി ശിവൻകുട്ടി, ഇ പി ജയരാജൻ, കെ ടി ജലീൽ, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കയ്യാങ്കളി കേസിലെ പ്രതികൾ.

പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ആറുപേരും കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ ആറു പ്രതികളും വിചാരണ നേരിടണമെന്ന് കേസിൽ സർക്കാരിന്റെ ഹർജി തളളിയ സുപ്രിംകോടതി വ്യക്തമാക്കിയിരുന്നു. കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹർജിയില്‍ ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റെ വിധിപ്രസ്താവത്തിൽ സംസ്ഥാന സർക്കാരിനെതിരേ രൂക്ഷ വിമർശനമാണ് ഉണ്ടായത്.

Comments: 0

Your email address will not be published. Required fields are marked with *